Drishyam 2 : ഹിന്ദി ദൃശ്യം 2 തിയറ്ററില്‍ തന്നെ; റിലീസ് തീയതി തീരുമാനിച്ചു
ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ഇന്നാണ് അവസാനിച്ചത്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദൃശ്യം 2ന്‍റെ (Drishyam 2) ഹിന്ദി റീമേക്കിന് തിയറ്റര്‍ റിലീസ്. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി 2013ല്‍ പുറത്തെത്തിയ 'ദൃശ്യം'. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അജയ് ദേവ്‍ഗണ്‍ (Ajay Devgn) നായകനായ ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തി. എന്നാല്‍ ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു. രണ്ടാം ഭാഗം റീമേക്ക് ചെയ്യുന്നത് അഭിഷേക് പതക് ആണ്.
ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ഇന്നാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അജയ് ദേവ്‍ഗണ്‍ പറഞ്ഞിരുന്നു. അതേസമയം ദൃശ്യം 2 തിയറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ മറ്റൊരു പ്രധാന ചിത്രവും ബോളിവുഡില്‍ നിന്ന് എത്തുന്നുണ്ട്. രാജ്‍കുമാര്‍ റാവുവിനെ നായകനാക്കി അനുഭവ് സിന്‍ഹ സംവിധാനം ചെയ്‍ത ഭീഡ് ആണിത്. രാജ്‍കുമാറിനൊപ്പം ഭൂമി പഡ്നേക്കര്‍, ദിയ മിര്‍സ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ദൃശ്യം 2 റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നു മോഹന്‍ലാല്‍ നായകനായ ദൃശ്യം 2.
ALSO READ : തായ്‍ലൻഡില്‍ മധുവിധു ആഘോഷിച്ച് നയൻതാരയും വിഘ്‍നേശ് ശിവനും- ചിത്രങ്ങള്‍