'മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ'; ഭ്രമയുഗത്തെക്കുറിച്ച് സി ജെ ജോണ്‍
"അഭിനയമെന്ന കലയാണ് പ്രധാനമെന്നും ഇമേജ് അല്ലെന്നുമെന്ന പുതിയ നയം.."
സമീപകാലത്ത് അഭിനേതാവ് എന്ന നിലയില്‍ മലയാളത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയാണ്. ആ നിരയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവസാനമെത്തിയ ചിത്രമായിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം നേരത്തെ 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ സി ജെ ജോണ്‍. അഭിനയമെന്ന കലയാണ് പ്രധാനമെന്നും ഇമേജ് അല്ലെന്നുമെന്ന പുതിയ നയം ഈ നടൻ ഭ്രമയുഗത്തിൽ വീണ്ടും അടിവരയിട്ട് പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
സി ജെ ജോണിന്‍റെ കുറിപ്പ്
നിറങ്ങൾ പീലി വിടർത്തിയാടുന്ന വെള്ളിത്തിരയിലേക്ക് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ചിറകിലേറി വരുവാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ. അത് റോൾ തെരെഞ്ഞെടുപ്പിലുമുണ്ട്. അഭിനയമെന്ന കലയാണ് പ്രധാനമെന്നും ഇമേജ് അല്ലെന്നുമെന്ന പുതിയ നയം ഈ നടൻ ഭ്രമയുഗത്തിൽ വീണ്ടും അടിവരയിട്ട് പ്രഖ്യാപിക്കുന്നു. അർജ്ജുൻ അശോകനെന്ന നടന്റെ അഭിനയ മികവ് കൂടുതൽ അടയാളപ്പെടുത്താൻ മമ്മൂട്ടി നിമിത്തമായിയെന്നതിലാണ് കൂടുതൽ ക്രെഡിറ്റ് നൽകുന്നത്. ഇത് മമ്മൂട്ടിയുടേതെന്ന പോലെ ഈ നടന്റെയും കൂടി സിനിമയാണ്. വ്യത്യസ്തമായ വൈകാരിക ഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള സാധ്യത തുറന്നിട്ട തേവനെന്ന കഥാപാത്രത്തെ അർജ്ജുൻ അശോകൻ നന്നായി ആവിഷ്കരിച്ചു. സിദ്ധാർഥ് ഭരതൻ വലിയ പിന്തുണ നൽകുന്നു.
ചാരുകസേരയിൽ ഇരുന്ന് കൊടുമൺ പോറ്റി ചമയുന്ന ചെകുത്താൻ സ്വഭാവമുള്ള ചാത്തന്റെ അധികാര പ്രയോഗമെന്ന സങ്കൽപ്പത്തിൽ കൃത്യമായൊരു രാഷ്ട്രീയ തലമുണ്ട്. സ്വാധീന വലയത്തിൽ പെടുത്തുന്ന സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ തുടച്ചു നീക്കുവാനുള്ള തന്ത്രത്തിലും പകിട കളിയിലുമൊക്കെ അതുണ്ട്. ഒടുവിലത്തെ സീനിൽ പാണൻ സ്വന്തം വിരലിൽ ആ മോതിരമിടുമ്പോൾ സാധാരണക്കാരുടെ വിധി എന്നും അങ്ങനെ തന്നെയെന്ന് ഉറപ്പിക്കുകയാണ്. ഒരു ചാത്തൻ പോയാൽ വേറെ ചാത്തൻ വരും. ഇന്നത്തെ സമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങളിൽ ആരുടെയൊക്കെ പ്രതീകങ്ങളാണ് ഈ കഥാപാത്രങ്ങളെന്ന ചിന്തയെ ബുദ്ധിയുടെ കളത്തിൽ ഒരു പകിടയായി നിരത്തി ഇനി കളിക്കാം. രാഹുൽ സദാശിവന്റെ ഈ ധീര സംരംഭം കാണാൻ ആളുകളുണ്ട്.
ALSO READ : 'ഇരുണ്ട കഥകളില്‍ നിന്നുള്ള മാറ്റം'; 'ഖല്‍ബി'നെക്കുറിച്ച് സുഹാസിനി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം