നിഗൂഢതയൊളിപ്പിച്ച് മമ്മൂട്ടി; ഗൗതം വസുദേവ് മേനോന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു
ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ എന്ന് സൂചന
മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് പേരും പോസ്റ്ററും എത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. നിഗൂഢത ഒളിപ്പിച്ചിരിക്കുന്നതാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആണ് ഈ ചിത്രമെന്ന് നേരത്തെ സൂചനകള്‍ എത്തിയിരുന്നു. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നതെന്നും. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പുറത്തെത്തിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കുറ്റാന്വേഷകന്‍റെ മുറി പോലെ തോന്നുന്ന ഇടത്താണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു പൂച്ചയുമുണ്ട്.
ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തെത്തുമെന്ന് അറിയിച്ചുകൊണ്ട് അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ട പോസ്റ്ററില്‍ വിശ്വ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെര്‍ലക് ഹോംസിന്‍റെ ഒരു ഡയലോഗ് ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി എന്ന വാചകമായിരുന്നു അത്. ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ദി അഡ്വഞ്ചര്‍ ഓഫ് ദി ബ്ലൂ കാര്‍ബങ്കിള്‍ എന്ന ചെറുകഥയിലാണ് ഈ വാചകമുള്ളത്.
സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടന്‍ പാക്കപ്പ് ആവും. വിനീത്, ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : 'മീനച്ചിലാറിന്‍റെ തീരം'; ബിജിബാലിന്‍റെ മനോഹര ഈണത്തില്‍ 'സ്വര്‍ഗ'ത്തിലെ ഗാനം