'ആളെക്കയറ്റാൻ ഏജൻസികൾ പണം വാങ്ങുന്നു', സംവിധായകൻ ഷെബി ചൗഘട്ടിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
ആളെക്കയറ്റാൻ ഏജൻസികള്‍ പണം വാങ്ങുന്നതായി സംവിധായകൻ ഷെബി ചൗഘട്ട്.
ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തിയതാണ്. സംവിധാനം നിര്‍വഹിച്ചത് ഷെബി ചൗഘട്ടാണ്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ടിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. തിയറ്ററുകളില്‍ ആളെ എത്തിക്കാൻ പണം വാങ്ങിക്കുന്നവരുണ്ട് എന്നാണ് ഷെബി ചൗഘട്ടിന്റെ കുറിപ്പ്.
ഷെബി ചൗഘട്ട് എഴുതിയ കുറിപ്പ്
ഞാൻ ഷെബി ചൗഘട്ട്. ഈ ഓണക്കാലത്ത് പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്‍ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന സിനിമ റിലീസ് ചെയ്‍തിട്ടുണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലക്ക് സിനിമയില്‍ എനിക്ക് തൃപ്‍തിയാണ്. എങ്കിലും വലിയ പ്രധാന താരങ്ങളില്ലാത്ത ചിത്രമായ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന് താരതമ്യേന കളക്ഷൻ കുറവാണ്.
കളക്ഷനെക്കറിച്ചുള്ള എനറെ ആശങ്കകൾ പങ്കുവയ്ക്കാനല്ല താൻ കുറിപ്പ് എഴുതുന്നത്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ രണ്ടു ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയ്‍ക്ക് എല്ലാം ഈ കളക്ഷൻ ഇല്ലായ്‍മ പ്രശ്‍മാണ്. അതിനിടെ ചില ഏജൻസികൾ എന്റെ സിനിമയുടെ നിർമ്മാതാവിനെയും എന്നെയും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ദിവസവും നിശ്ചിത ആളുകള്‍ക്ക് വീതം ടിക്കറ്റ് സൗജന്യമായി കൊടുത്തു കൊണ്ട് അവരെ തീയറ്ററിൽ കയറ്റാം എന്നാണ് ഉറപ്പു നൽകിയത്. ടിക്കറ്റ് ചാർജിന് പുറമേ അവർക്ക് തങ്ങള്‍ ഫീസ് നല്‍കണം. ഈ ഓണത്തിന് ഇറങ്ങിയ ഒരു സിനിമയ്ക്ക് ഇത്തരത്തിൽ ആളുകളെ കയറ്റുന്നതിന് ഒരു കോടി രൂപയാണ് നിർമാതാവ് മാറ്റിവെച്ചിരിക്കുന്നത് എന്നും പറഞ്ഞു ആ ഏജൻസി. അങ്ങനെ ഒരു സാഹചര്യത്തില്‍ പുതിയതായി സിനിമ ചെയ്യാൻ ഒരുങ്ങുന്ന നിർമ്മാതാക്കൾ ഇത്തരത്തിൽ തിയറ്ററില്‍ ആളുകളെ കയറ്റാൻ മിനിമം 30 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഡിസ്ട്രിബ്യൂഷൻ ആലോചിക്കുമ്പോൾ പോസ്റ്ററുകൾക്കും പരസ്യങ്ങൾക്കും മറ്റു ഡിജിറ്റൽ പ്രചരണങ്ങൾക്കും ഉള്ള തുക മാത്രമല്ല ഇത്തരം ഏജൻസികൾക്ക് കൊടുക്കാനുള്ള തുക കൂടി മാറ്റിവെക്കേണ്ടി വരും എന്ന് ആലോചിക്കണം. ഇത്തരം ഏജൻസികൾ ഉണ്ടാകുന്നത് മലയാള സിനിമയ്ക്ക് ഭൂഷണം അല്ലെന്ന സത്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക