'മഞ്ഞുമ്മല്‍' എഫക്റ്റ്; 'ഗുണ' 4കെയില്‍ റീ റിലീസിന്? സംവിധായകന് പറയാനുള്ളത്
1991 ല്‍ ഗുണയുടെ റിലീസിന് ശേഷമാണ് കൊടൈക്കനാലിലെ ഗുഹ 'ഗുണ ഗുഹ'യെന്ന പേരില്‍ പ്രശസ്തമാവുന്നത്
ഒരു ഭാഷയില്‍ നിന്നുള്ള സിനിമ നേടുന്ന വന്‍ ജനപ്രീതി കാരണം മറ്റൊരു ഭാഷയിലെ ഒരു പഴയ ചിത്രത്തിന്‍റെ റീ റിലീസിനുള്ള ആവശ്യം ഉയരുക. ഈ അപൂര്‍വ്വ സാഹചര്യമാണ് തമിഴ്നാട്ടില്‍. മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‍സ് കാരണം കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റീ റിലീസിനുള്ള ആവശ്യം ഉയര്‍ത്തുകയാണ് കമല്‍ ഹാസന്‍ ആരാധകരും തമിഴ് സിനിമാപ്രേമികളും. ഇതിനോടുള്ള ഗുണ സംവിധായകന്‍ സന്താന ഭാരതിയുടെ പ്രതികരണവും ചര്‍ച്ചയായിരിക്കുകയാണ്.
1991 ല്‍ ഗുണയുടെ റിലീസിന് ശേഷം ഗുണ ഗുഹയെന്ന് പ്രശസ്തമായ കൊടൈക്കനാലിലെ ഗുഹയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പശ്ചാത്തലം. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന യുവാക്കളുടെ സുഹൃദ്സംഘത്തിന് ഗുണ ഗുഹയില്‍ നേരിടുന്ന അപകടവും അതില്‍ നിന്നുള്ള രക്ഷപെടലുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. കമല്‍ ഹാസനുള്ള ട്രിബ്യൂട്ട് പോലെയും തോന്നിപ്പിക്കുന്ന, ഗുണയിലെ കണ്‍മണീ അന്‍പോട് എന്ന ഗാനത്തിന്‍റെ ഉപയോഗവും മഞ്ഞുമ്മല്‍ ബോയ്‍സിനെ തമിഴ്നാട്ടില്‍ ജനപ്രിയ ചിത്രമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകമാണ്. മഞ്ഞുമ്മല്‍ ബോയ്സ് ടീം കമല്‍ ഹാസനെ ചെന്നൈയില്‍ എത്തി കാണുകയും ചെയ്തിരുന്നു. മലയാള ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ ഗുണയുടെ റീ റിലീസിന് വേണ്ടിയുള്ള ആവശ്യവും പ്രേക്ഷകരില്‍ നിന്ന് കാര്യമായി ഉയരുകയാണ്.
മഞ്ഞുമ്മല്‍ ബോയ്സ് റിലീസിന് ശേഷം ഗുണ സംവിധായകന്‍ സന്താന ഭാരതിയുടെ നിരവധി അഭിമുഖങ്ങളും വരുന്നുണ്ട്. അത്തരമൊരു അഭിമുഖത്തില്‍ ഗുണ റീ റിലീസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നു- "ഗുണ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. കമല്‍ ഹാസനോട് ഞാന്‍ അക്കാര്യം സംസാരിച്ചിരുന്നു. ചിത്രത്തിന്‍റെ റൈറ്റ്സ് ആരുടെ പക്കലാണെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അത് പെട്ടെന്നുതന്നെ കണ്ടെത്തി കാര്യങ്ങള്‍ മുന്നോട്ടുനീക്കാനാവുമെന്ന് കരുതുന്നു", സന്താന ഭാരതിയുടെ വാക്കുകള്‍.
അതേസമയം റിലീസ് സമയത്ത് വലിയ വിജയം നേടിയ ചിത്രമായിരുന്നില്ല ഗുണ. 1991 ലെ ദീപാവലി റിലീസ് ആയി എത്തിയ ഗുണയ്ക്കൊപ്പം അതേദിവസം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മണി രത്നം ചിത്രം ദളപതി. ദളപതിയായിരുന്നു ആ ദീപാവലിയിലെ ബോക്സ് ഓഫീസ് വിന്നര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം