'സിനിമ എന്നത് ഒരു മാജിക്ക് ആണ്, ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്': ഒമർ ലുലു
പവർ സ്റ്റാർ എന്ന ബാബു ആന്റണി ചിത്രമാണ് ഒമറിന്റേതായി വരാനിരിക്കുന്നത്.
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ്, എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവിൽ പവർ സ്റ്റാർ എന്ന ബാബു ആന്റണി ചിത്രമാണ് ഒമറിന്റേതായി വരാനിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചെറുകുറുപ്പുകളുമായി എപ്പോഴും സജീവമാണ് ഒമർ. അദ്ദേഹം പങ്കുവയ്ക്കുന്ന ഭൂരിഭാഗം പോസ്റ്റുകളും വൈറലാകാറും ഉണ്ട്. ഇപ്പോഴിതാ ഒമർ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മൂക്ക ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്. എന്നിട്ട് മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ..രാജാവിന്റെ മകൻ, കമ്മീഷണർ, ഏകലവ്യൻ, ചാണക്ക്യൻ, മെമ്മറീസ്, ദൃശ്യം...... ഇങ്ങനെ പോകുന്നു ലിസ്റ്റ്. സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ. ഇനി ഞാന്‍ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്സ്", എന്നാണ് ഒമർ പങ്കുവച്ച് പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയത്.
നല്ലസമയം എന്ന ചിത്രമാണ് ഒമര്‍ലുലുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ സിനിമ തിയറ്ററിൽ നിന്നും പിൻവലിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ്.
'കിടന്നാല്‍ അഴുക്ക് പറ്റും, മേക്കപ്പ് പോകും എന്ന പ്രശ്നമില്ല: നൻപകൽ വൈറൽ ഫോട്ടോയെ കുറിച്ച് മമ്മൂട്ടി
ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്. പിന്നാലെ ആയിരുന്നു എക്സൈസ് കേസ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്.