'ദളപതി 67' 100 ശതമാനം എന്റെ സിനിമ: ലോകേഷ് കനകരാജ്
വിജയ്‍യുടെ 'ദളപതി 67'നെ കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ്.
ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം. 'ദളപതി 67'നെ കുറിച്ചുള്ള ഓരോ വാര്‍ത്തയ്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ദളപതി 67'നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ച ചിത്രം 'മാസ്റ്റര്‍' ആയിരുന്നു. 'മാസ്റ്റര്‍' വിജയ്‍യുടേയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. എന്നാല്‍ 'ദളപതി 67' നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ 'ദളപതി 67'ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിച്ച 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.
Read More: വില്ലനായി വിനയ് റായ്, മമ്മൂട്ടി ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്