കുതിപ്പ് 1000 കോടിയിലേക്ക്; പുഷ്പ 2ല്‍ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയല്ല ! പിന്നയോ ? ജിസ് ജോയ് പറയുന്നു
ചിത്രം നാല് ദിവസം കൊണ്ട് 829 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കളക്ഷൻ റെക്കോർഡുകൾക്കാണ് പുഷ്പ 2 ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ആദ്യദിനം 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോൾ 800 കോടി ക്ലബ്ബെന്ന നേട്ടവും കൊയ്തു കഴിഞ്ഞു. അതും വെറും നാല് ദിവസത്തിൽ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട പുഷ്പ 2വിൽ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ അത്രയും വരില്ലെന്നാണ് സംവിധായകൻ ജിസ് ജോയ് പറയുന്നത്.
300 കോടി ഒന്നും പ്രതിഫലം അല്ലു അർജുന് ഉണ്ടാകില്ലെന്നും എന്നാലും അതിനടുത്തൊക്കെ വരുമെന്നും ജിസ് ജോയ് പറഞ്ഞു. "അല്ലുവിന്റെ പ്രതിഫലം 300 കോടിയാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷേ അതിന്റെ അടുത്തൊക്കെ വരും. 300 കോടിയിൽ മുപ്പത് ശതമാനം കുറച്ച് കഴിഞ്ഞാൽ ശരിയായിരിക്കും. ഇതെല്ലാം മാർക്കറ്റാണ്. അടുത്ത പടത്തിന്റെ കച്ചവടം നടക്കാൻ പോകുന്നത് 1500 കോടിക്കാണെങ്കിൽ 200 കോടി പ്രതിഫലം എന്നത് 300 കോടിയായിട്ട് മാറും. കാരണം നടന്റെ പേരിലാണ് കച്ചവടം. അയാളുടെ പേരിലാണ് കച്ചവടം നടക്കുന്നത്. അദ്ദേഹത്തെ മാറ്റിക്കഴിഞ്ഞാൽ കച്ചവടം ഇല്ല. ഭയങ്കര വലിയൊരു മാർക്കറ്റാണ്", എന്ന് ജിസ് ജോയ് പറയുന്നു.
"ഇന്ത്യൻ സിനിമ ഇങ്ങനെയൊകുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിട്ടില്ല. പുഷ്പ 2 ന് 1000 കോടിയുടെ പ്രീ സെയിൽ ബിസിനസ് കഴിഞ്ഞെന്നാണ് പറയുന്നത്. അല്ലു അർജുന്റെ മുപ്പത് ശതമാനം കട്ട് ചെയ്താൽ പോലും. 700 കോടി എന്ന് പറഞ്ഞാൽ ചില്ലറ കാര്യമല്ല", എന്നും ജിസ് ജോയ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെട്രോൾ പമ്പ് വരെ ഉദ്ഘാടനം, നെഗറ്റീവ് കമന്റിൽ എനിക്കൊന്നും സംഭവിച്ചിട്ടില്ല; ഹണി റോസ് പറയുന്നു
അതേസമയം, ഡിസംബർ 5ന് ആയിരുന്നു പുഷ്പ 2 റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന അടക്കമുള്ള വൻതാര നിര അണിനിരന്ന ചിത്രം നാല് ദിവസം കൊണ്ട് 829 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെയാണെങ്കിൽ രണ്ട് ദിവസത്തിൽ പുഷ്പ 2 ആയിരം കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തലുകൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം