എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം, ഞാൻ അപമാനിതനാണ്: ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി
തന്റെ ധാർമിക മൂല്യമാണ് അവർ പ്രശ്നമായി പറഞ്ഞതെന്നും ജിയോ ബേബി.
കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകൻ ജിയോ ബേബി. ഡിസംബർ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. പ്രിൻസിപ്പലിന് മെയിൽ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാർത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകൻ പറഞ്ഞു.
തന്റെ ധാർമിക മൂല്യമാണ് അവർ പ്രശ്നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. വിഷയത്തിൽ താൻ അപമാനിതൻ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് പങ്കുവച്ച വീഡിയോയില്‍ ആണ് ജിയോ ബേബി ഇക്കാര്യം പറഞ്ഞത്.
ജിയോ ബേബിയുടെ വാക്കുകൾ
എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാൻ വന്നത്. ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ അവർ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവർക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാൻ പ്രിൻസിപ്പലിന് ഈ മെയിൽ ആയച്ചു. പരിപാടി ക്യാൻസൽ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നത്- "ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല", എന്നാണ്. അതായത് എന്റെ ധാർമിക മൂല്യങ്ങൾ പ്രശ്നമാണെന്നാണ് സ്റ്റുഡൻസ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാൾ ഉപരി ഞാൻ അപമാനിതൻ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്.