മോഹൻലാലിന്റെ 'ദൃശ്യം' ഹോളിവുഡിലേക്ക് ! പ്രതികരണവുമായി ജീത്തു ജോസഫ്
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമ ആകും ദൃശ്യം.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ 'ദൃശ്യം'. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം അതുവരെ മലയാള സിനിമ കണ്ട ദൃശ്യവിഷ്കാരത്തിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവം ആയിരുന്നു പ്രേക്ഷകന് സമ്മാനിച്ചത്. ഒടുവിൽ മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും ദൃശ്യം സ്വന്തമാക്കിയിരുന്നു. പിന്നീട് വന്ന ദൃശ്യം 2വിനും അതേ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. കേരളത്തിൽ വൻ ഹിറ്റായി മാറിയ ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. അവിടങ്ങളിലും ചിത്രം ഹിറ്റ്. ഇപ്പോഴിതാ ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമ ആകാൻ ദൃശ്യം തയ്യാറെടുക്കുന്നു എന്നാണ് പ്രമുഖ മാധ്യമമായ വെറ്റൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസരത്തിൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു സംവിധായകന്‍റെ പ്രതികരണം.
"അതേപറ്റി എനിക്ക് അറിയില്ല. കാരണം ഞങ്ങൾ മുഴുവൻ ഔട്ട്സൈഡ് റൈറ്റ്സും പനോരമ സ്റ്റുഡിയോസിന് കൈ മാറിയിരുന്നു. കൊറിയൻ, ഹോളിവുഡ് തുടങ്ങിയ ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്യാൻ ട്രൈ ചെയ്യുന്നുണ്ടെന്ന് അന്ന് അവർ ഞങ്ങളോട് പറഞ്ഞതാണ്. ഞങ്ങൾ റൈറ്റ്സ് വിറ്റു കഴിഞ്ഞാൽ പിന്നെ അവരാണ് എല്ലാം തീരുമാനിക്കുന്നത്. അക്കാര്യം അവർക്കെ അറിയൂ", എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം ദൃശ്യം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിലേക്ക് ‘ദൃശ്യം’ വ്യാപിപ്പിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും പനോരമയുടെ ചെയർമാനും എംഡിയുമായ കുമാർ മംഗത് പഥക് വെറ്റൈറ്റിയോട് പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം യുഎസ് കമ്പനികളായ ഗൾഫ്സ്ട്രീം പിക്ചേഴ്സും ജോറ്റ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ദൃശ്യം റീമേക്ക് ചെയ്യുന്നത്.
2013ല്‍ ആണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തത്. ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇയാളും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരാള്‍ കടന്നുവരികയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
'ഇന്നേക്ക് 9 വര്‍ഷം, മിസ് യു ഡാ..'; ശരത്തിന്റെ ഓർമ്മദിനത്തിൽ സോണിയ
കേരളത്തില്‍ വന്‍ തരംഗമായി മാറിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. അജയ് ദേവ്ഗൺ, തബു എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയക്. തമിഴില്‍ കമല്‍ഹാസനും ഗൗതമിയും ആണ് മുഖ്യ വേഷത്തില്‍ എത്തിയത്. പിന്നീട് കന്നഡ, തെലുങ്ക്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഇതിനിടെ ദൃശ്യത്തിന്‍റെ യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് ദൃശ്യം 1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്വന്തമാക്കി. ദൃശ്യത്തിന്‍റെ കൊറിയന്‍ റീമേക്ക് വരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം മെയ്യില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..