'വരുന്നത് വലിയ സിനിമ, ഇതുവരെ കാണാത്തൊരു മോഹൻലാലിനെ കാണാം': ഭദ്രൻ
ഒരുതലമുറയെ ഒന്നാകെ ഹരം കൊള്ളിച്ച സ്ഫടികത്തിന്‍റെ രണ്ടാം വരവിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്.
മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിൽ ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. അക്കൂട്ടത്തിലുള്ള മാസ് ആർഡ് ക്ലാസ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഒരുതലമുറയെ ഒന്നാകെ ഹരം കൊള്ളിച്ച ചിത്രത്തിന്റെ രണ്ടാം വരവിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ മോഹൻലാലുമായുള്ള പുതിയ സിനിമയെ കുറിച്ച് പറയുകയാണ് ഭദ്രൻ.
ഒരു ബിഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നും ഭദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "ഞാനും ലാലുമായും ഒരു വലിയ സിനിമ വരുന്നുണ്ട്. സ്ക്രിപ്റ്റ് എല്ലാം പൂർത്തിയായി. ഇനി ഷൂട്ടിങ്ങിലേക്ക് കടക്കുകയെ വേണ്ടൂ. ഒത്തിരി അറേഞ്ച്മെൻസ് ആവശ്യമുള്ള സിനിമയാണത്. കഥയും സ്ക്രിപ്റ്റും ഞാൻ തന്നെയാണ്. ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകും. എല്ലാ പ്രേക്ഷകനും ഇഷ്ടമാകുന്ന എല്ലാ ഘടകങ്ങളും അതിൽ ഉണ്ടായിരിക്കും. കഥയോട് ഒട്ടിച്ചേർന്ന് പോകുന്ന ഒത്തിരി നല്ല മുഹൂർത്തങ്ങളുള്ള സിനിമ ആയിരിക്കും അത്", എന്നാണ് ഭദ്രൻ പറഞ്ഞത്.
ഈ സിനിമയെ പറ്റി നേരത്തെ ഭദ്രൻ പറഞ്ഞിരുന്നു. ജിം കെനി എന്നാണ് സിനിമയിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നും ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണെന്നുമാണ് സംവിധായകൻ പറഞ്ഞത്. പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒരേപോലെയുള്ള കഥാപരമായി മികച്ച ചിത്രമായിരിക്കും പുതിയ മോഹന്‍ലാല്‍ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തോമാച്ചായന്റെ പുതിയ വരവ് എങ്ങനെയുണ്ട് ? 'സ്ഫടികം 4K' പ്രേക്ഷക പ്രതികരണം
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഏറെ സസ്പെന്‍സുകള്‍ക്ക് ഒടുവില്‍ പ്രഖ്യാപിച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത്. റാം ആണ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണിത്.