'എല്‍എല്‍ബി'യില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം? സംവിധായകന് പറയാനുള്ളത്

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ അഭിനയിക്കുന്നു

director AM Sidhique about llb life line of bachelors malayalam movie nsn

എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് എല്‍എല്‍ബി അഥവാ 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്'. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ എം സിദ്ദിഖ് ഒരുക്കുന്ന ഈ ചിത്രം ഫെബ്രുവരി 2ന് തിയറ്ററുകളിലെത്തും. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുമെന്ന് അണിയറക്കാര്‍ പറയുന്ന ഈ ചിത്രത്തില്‍ സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളെജ് പ്രവേശനവും അവിടെ നിന്നും അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തെ കുറിച്ച് സംവിധായകന്റെ വാക്കുകൾ- "എൽഎൽബിക്ക് പഠിക്കാൻ വരുന്ന മൂന്ന് പയ്യന്മാരുടെ കഥയാണ് ചിത്രം. ഇത് അവരുടെ ജീവിത കഥകൂടി ആയതിനാൽ 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്' എന്നാണ് ഇതിന് ഞാൻ പൂർണ്ണനാമം നൽകിയിരിക്കുന്നത്. ആദ്യ പകുതി കോളെ​ജിനെ ചുറ്റിപറ്റിയാണെങ്കിൽ രണ്ടാം പകുതി അവരുടെ ജീവിതത്തിലൂടെയാണ് കടന്നുപോവുന്നത്. 2017 ലാണ് ഞാനീ ചിത്രത്തിന് തുടക്കമിടുന്നത്. ഇപ്പോള്‍ ഏകദേശം 6 വർഷമായി. ഇത് ശരിക്കും ശ്രീനാഥ് ഭാസിയുടെ പടമാണ്. ലീഡ് റോൾ ചെയ്യുന്നത് ശ്രീനാഥ് ഭാസി ആണെങ്കിലും അശ്വതിനും വിശാഖിനും അനൂപ് മേനോനും അവരുടേതായ സ്പേസ് പ്രത്യേകം നൽകിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ച എല്ലാവർക്കും ആ സ്പേസ് നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നടൻ മാമുക്കോയയുടെ മകൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാർത്തിക സുരേഷാണ് ചിത്രത്തിലെ നായിക. അവരുടെയും ആദ്യ ചിത്രമാണിത്. സെക്കൻഡ് ഹീറോയിനായി എത്തുന്നത് ബി​ഗ് ബോസ് താരം നാദിറ മെഹ്റിനാണ്. എന്റെ സഹപ്രവർത്തകരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിയറ്ററുകളിലേക്കെത്തുന്ന എന്റെ ആദ്യ സിനിമയാണ് 'എൽ എൽ ബി'. ഇതിന് മുന്‍പ് മൃതദേഹത്തിന് കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന്റെ കഥയുമായി 'സദാശിവന്റെ നൈറ്റ് ഡ്യൂട്ടി' എന്ന പേരിൽ ഒരു ആന്തോളജി ഒടിടിക്ക് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെ രണ്ട് കഥകൾ കൂടി ഉൾപ്പെടുത്തി 'ത്രീ നൈറ്റ്സ്' എന്ന പേരിൽ 2021ൽ 'ഐസ്ക്രീം' എന്ന ഒടിടിയിലാണ് ആ അന്തോളജി റിലീസ് ചെയ്തത്", എ എം സിദ്ദിഖ് പറയുന്നു.

പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം ഫൈസൽ അലി, ചിത്രസംയോജനം അതുൽ വിജയ്, സംഗീതം ബിജി ബാൽ, കൈലാസ്, ഗാനരചന സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, കലാസംവിധാനം സുജിത് രാഘവ്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, മേക്കപ്പ് സജി കാട്ടാക്കട, കോറിയോഗ്രഫി എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് സ്മാർട്ട്‌ കാർവിങ്, പിആർഒ എ എസ് ദിനേശ്, പിആർ ആന്‍ഡ് മാർക്കറ്റിംഗ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ALSO READ : നായകനായി ദിലീഷ് പോത്തന്‍; ജാസി ഗിഫ്റ്റിന്‍റെ ആലാപനത്തില്‍ 'മനസാ വാചാ' സോംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios