പുതിയ സിനിമ കൂട്ടായ്മയില്‍ ആശയക്കുഴപ്പമില്ല, ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ: ആഷിഖ് അബു
സംഘടനയില്‍ നിലവില്‍ അംഗമല്ലെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരുന്നു.
കൊച്ചി: പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്. മാത്രമല്ല ആഷിഖും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കും. ആദ്യം നിര്‍മാതാക്കളുടെ സംഘടയും ശേഷം എല്ലാ മേഖലയിലും ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. മറ്റ് സംഘടനകള്‍ക്ക് ബധലായി പുതിയ അസോസിയേഷന്‍ വരുമോ എന്ന ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്.
സംഘടനയുടെ ആദ്യഘട്ടത്തില്‍ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും. പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിന്‍റെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം. തുടക്കത്തില്‍ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിര്‍പ്പ് ഉയരുന്നത് മറ്റ് സംഘടനകള്‍ക്ക് മെച്ചമായി ഭവിക്കുമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ ആ ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി
ഇന്ന് രാവിലെയാണ് പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ നിലവില്‍ താന്‍ ഭാഗമല്ലെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയത്. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മയോട് താന്‍ യോജിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലിജോ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ സംഘടനയുടെ ഭാഗമാകാൻ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് ബിനീഷ് ചന്ദ്രയും രംഗത്ത് എത്തിയത്. ആശയം നല്ലതാണെന്നും കത്തിൽ പേര് വച്ചത് തന്‍റെ അറിവോടെ അല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..