'രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ അന്ന് പറഞ്ഞിരുന്നു', സ്ഥിരീകരിച്ച് ജോഷി ജോസഫ്

അക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോളിയോടും എഴുത്തുകാരി കെ ആ‌ർ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി വെളിപ്പെടുത്തി

directon ranjith sexual abuse allegations actress sreelekha mitra details and joshi joseph clarifies

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫ് രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന് ഫോണിലൂടെ നൽകിയ തത്സമയ പ്രതികരണത്തിലാണ് ജോഷി ജോസഫ് നടിയുടെ ആരോപണം സ്ഥിരീകരിച്ചത്. കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും ഞാൻ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും ജോഷി വ്യക്തമാക്കി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോളിയോടും എഴുത്തുകാരി കെ ആ‌ർ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി വെളിപ്പെടുത്തി.

ജോഷിയുടെ വാക്കുകൾ

ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. അക്സിഡന്‍റലായി ശ്രീലേഖയെ വിളിച്ചപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലിൽ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇന്‍റർവ്യൂവിൽ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആ‌ർ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാൻ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്. 


ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇപ്രകാരം

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു. വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ  കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരോപണം നിഷേധിച്ച് രഞ്ജിത്ത്

അതേസമയം ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്തെത്തി.  നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് അവർ വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

'നടിയോട് മോശമായി പെരുമാറിയിട്ടില്ല'; ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios