ബോളിവുഡ് താരം ദിനോ മോറിയ ദിലീപിനൊപ്പം; അരുണ്‍ ഗോപി ചിത്രത്തില്‍ വന്‍ താരനിര
ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രം
രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെയാണ് ആരംഭിച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് തമന്നയാണ്. തെന്നിന്ത്യയിലെ പ്രമുഖ നായികാ താരത്തിന്‍റെ മലയാളം അരങ്ങേറ്റചിത്രമാണിത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി തമിഴ് താരം ശരത് കുമാറും എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ശ്രദ്ധേയ താരനിര അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇത് സംബന്ധിച്ച് പുതിയൊരു പ്രഖ്യാപനം ഇന്നെത്തി.
പ്രമുഖ ബോളിവുഡ് താരം ദിനോ മോറിയയും ഈ ചിത്രത്തിന്‍റെ ഭാഗമാണെന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി അറിയിച്ചത്. 1999ല്‍ പുറത്തെത്തിയ പ്യാര്‍ മേം കഭീ കഭീ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്‍ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. നാല്‍പതിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുള്ള ദിനോ മോറിയ തമിഴ്, കന്നഡ ചിത്രങ്ങളിലും, തമിഴ്, മലയാളം ബൈലിംഗ്വല്‍ ചിത്രമായ സോളോയിലും അഭിനയിച്ചിരുന്നു.
ALSO READ : കേസ് റീഓപ്പണ്‍ ചെയ്യുന്നു, ഹിന്ദി 'ദൃശ്യം 2' ടീസര്‍ പുറത്ത്
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് സെപ്റ്റംബര്‍ 1നാണ് ചിത്രത്തിന്‍റെ പൂജ നടന്നത്. ചടങ്ങിന് തമന്നയും എത്തിയിരുന്നു. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി. പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.