പുറത്താക്കാൻ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകൻ, നടപടിക്ക് പിന്നിൽ അച്ഛനോടുള്ള വിരോധം
സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നതെന്നും ഷമ്മി തിലകൻ
കൊച്ചി: 'അമ്മ' സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. തനിക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ജനറൽ ബോഡി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നൽകിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു. കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. 'അമ്മ' സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. 'അമ്മ'യുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. 'അമ്മ' സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്താക്കിയിട്ടില്ലെന്ന് 'അമ്മ'
നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. അച്ചടക്കലംഘനത്തെ തുടര്‍ന്ന് നടപടി എടുക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങൾ അറിയിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.
ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ ശക്തമായ പ്രതിഷേധം; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംഘടന
ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷമാണ് നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.