പാന്‍ ഇന്ത്യന്‍ ബാനര്‍, നായകന്‍ ഫഹദ്, പക്ഷേ പരാജയം; ചിത്രം യുട്യൂബില്‍ റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍
നിര്‍മ്മാണം ഹൊംബാളെ ഫിലിംസ്
റിലീസിന് മുന്‍പ് വലിയ ഹൈപ്പ് നേടുന്ന ചില ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷക പ്രതികരണം മറിച്ചാവാറുണ്ട്. കെജിഎഫ് നിര്‍മ്മാതാക്കളുടെ മലയാള സിനിമയിലേക്കുള്ള എൻട്രി എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ധൂമം എന്ന ചിത്രം. ഫഹദ് ഫാസില്‍ ആണ് നായകനെന്നതും ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് 2023 ജൂണ്‍ 23 ന് ആയിരുന്നു.
എന്നാല്‍ അണിയറക്കാരുടെ പ്രതീക്ഷകളെ മുളയിലേ നുള്ളുന്ന പ്രതികരണമാണ് ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ ലഭിച്ചത്. ഫലം ബോക്സ് ഓഫീസില്‍ കാര്യമായ പ്രതികരണമൊന്നുമുണ്ടാക്കാതെ ചിത്രം തിയറ്ററുകള്‍ വിട്ടു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് നേരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും തിയറ്ററുകളില്‍ പരാജയമായതോടെ റിലീസില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നീട് ആപ്പിള്‍ ടിവിയിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തിയത്. ഇപ്പോഴിതാ ചിത്രം പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാന്‍ നിര്‍മ്മാതാക്കള്‍ തന്നെ അവസരം ഒരുക്കിയിരിക്കുകയാണ്.
ഹൊംബാളെ ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 നാണ് ചിത്രം യുട്യൂബില്‍ പ്രദര്‍ശനം ആരംഭിച്ചത്. സിഗരറ്റ് വിപണി പശ്ചാത്തലമാക്കുന്ന ചിത്രമാണ് ധൂമം. ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. അപർണ ബാലമുരളിയാണ് നായിക. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം.
ALSO READ : ഈ പണപ്പെട്ടി തൊട്ടാല്‍ എടുക്കണം, എടുത്താല്‍ പോകണം; ആരെടുക്കും ബിഗ് ബോസിന്‍റെ മണി ബോക്സ്?