രവി തേജയുടെ പ്രതിനായകനായി ജയറാം; 'ധമാക്ക' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
ഡബിള്‍ റോളിലാണ് രവി തേജ എത്തുന്നത്
രവി തേജ നായകനാവുന്ന തെലുങ്ക് ചിത്രം ധമാക്ക ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഡിസംബര്‍ 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയുള്ള സ്ട്രീമിംഗ് നാളെ (22) ആരംഭിക്കും. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്.
തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ഇത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് കുച്ചിഭോട്ലയാണ് സഹനിര്‍മ്മാണം. സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രവീണ്‍ കുമാര്‍ ബെസവഡയുടേതാണ് ചിത്രത്തിന്‍റെ രചന.
ALSO READ : നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു
ഛായാഗ്രഹണം കാര്‍ത്തിക് ഗട്ടമനേനി, സംഗീതം ഭീംസ് സെസിറോലിയോ, എഡിറ്റിംഗ് പ്രവീണ്‍ പുഡി, കലാസംവിധാനം ശ്രീ നാഗേന്ദ്ര തംഗല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത്ത് കുമാര്‍ കൊല്ലി, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് സുനില്‍ ഷാ, രാജ സുബ്രഹ്‍മണ്യന്‍, സ്റ്റണ്ട് റാം ലക്ഷ്മണ്‍, വെങ്കട്, വരികള്‍ രാമജോഗയ്യ ശാസ്ത്രി, കസര്‍ള ശ്യാം, സുഡ്ഡല അശോക് തേജ.