ആദ്യ ഷോയുടെ ടൈമിംഗില്‍ അമ്പരപ്പിക്കാന്‍ ആ ചിത്രം; വരുന്നത് വന്‍ ബോക്സ് ഓഫീസ് പ്രതീക്ഷയോടെ
സെപ്റ്റംബര്‍ 27 ന് തിയറ്ററുകളില്‍
കരിയറിന്‍റെ ഏറ്റവും മികച്ച കാലത്ത് നില്‍ക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് നിരവധി പുതിയ പ്രേക്ഷകരെയാണ് അദ്ദേഹം നേടിയത്. വരാനിരിക്കുന്ന ചിത്രം ദേവര പാര്‍ട്ട് 1 ന് വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്തിരിക്കുന്നതില്‍ ഒരു ഘടകം ആര്‍ആര്‍ആറിലൂടെ ഉയര്‍ത്തിയ താരമൂല്യമാണ്. ഇപ്പോഴിതാ റിലീസ് ദിനത്തിലെ ഫസ്റ്റ് ഷോകളുടെ ടൈമിംഗിലും അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ദേവര.
ജൂനിയര്‍ എന്‍ടിആര്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കൊരട്ടല ശിവയാണ്. സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം ഒരു ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍. പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക! തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും. ദിവസേന 4 ഷോകളാവും ഓരോ തിയറ്ററിലും നടക്കുക. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ഇതിനകം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച യുഎസിലെ പ്രീമിയര്‍ ഷോകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. 1.75 മില്യണ്‍ ഡോളര്‍ ആണ് യുഎസിലെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ ഈ തുകയില്‍ എത്തുന്ന ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡും ദേവര പാര്‍ട്ട് 1 സ്വന്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1.
ALSO READ : 'കുട്ടൻ്റെ ഷിനിഗാമി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു