'ഹരിഹര്‍ നഗറി'ലെ നാല്‍വര്‍സംഘത്തിന്‍റെ 'കുട്ടിക്കാലം'; ചിരി പങ്കുവച്ച് മുകേഷും സിദ്ദിഖും
നിലവിലെ ഫ്രെയിം അതേപടി നിലനിര്‍ത്തി കഥാപാത്രങ്ങളുടെ പ്രായം കുറച്ചിരിക്കുന്ന മീം ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
റിലീസ് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ തന്നെ മുന്നോട്ടുപോയിട്ടും മലയാളി സിനിമാപ്രേമിയെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന ചില സിനിമകളുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ചിത്രമാണ് സിദ്ദിഖ് ലാലിന്‍റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍'. കാലമെത്ര കടന്നുപോയിട്ടും ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴുമുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില മീമുകള്‍. ഇപ്പോഴിതാ 'ഹരിഹര്‍ നഗറി'ലെ ഒരു പോപ്പുലര്‍ മീമിലെ കഥാപാത്രങ്ങളുടെ 'കുട്ടിക്കാലം' വൈറല്‍ ആയിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.
ചിത്രത്തില്‍ മുകേഷും സിദ്ദിഖും ജഗദീഷും അശോകനും യഥാക്രമം അവതരിപ്പിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ് കുട്ടിയും ഉള്‍പ്പെടുന്ന ഒരു പോപ്പുലര്‍ മീം ഉണ്ട്. സായ്‍കുമാര്‍ അവതരിപ്പിച്ച 'ആന്‍ഡ്രൂസി'ന്‍റെ അമ്മയെ (കവിയൂര്‍ പൊന്നമ്മ) നാല്‍വര്‍ സംഘം ചെന്ന് പരിചയപ്പെടുമ്പോഴുള്ള രംഗം മുന്‍നിര്‍ത്തിയുള്ള മീം ആണത്. നിലവിലെ ഫ്രെയിം അതേപടി നിലനിര്‍ത്തി കഥാപാത്രങ്ങളുടെ പ്രായം കുറച്ചിരിക്കുന്ന മീം ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
സിദ്ദിഖും മുകേഷും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ഇത് പങ്കുവച്ചിട്ടുണ്ട്. 'കുട്ടിക്കാല ഓര്‍മ്മകള്‍' എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ആരാണ് ഇത് സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. ബ്രില്യന്‍റ് ആയ ഈ ചിന്തയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' എന്നാണ് സിദ്ദിഖിന്‍റെ വാക്കുകള്‍