'ഇതെന്ത് സ്റ്റെപ്പ്? ആരാണ് കൊറിയോഗ്രാഫര്‍'? ബാലയ്യയുടെ 'ഡാകു മഹാരാജി'ലെ നൃത്തത്തിനെതിരെ വ്യാപക വിമര്‍ശനം

തമന്‍ എസ് ആണ് സംഗീത സംവിധാനം. 

Dabidi Dibidi song from Daaku Maharaaj criticisDaaku Maharaajed for Nandamuri Balakrishnas steps Urvashi Rautela

തെലുങ്കിലെ ഇത്തവണത്തെ സംക്രാന്തി റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന ഡാകു മഹാരാജ്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 12 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഒരു ഗാനം ഇന്നലെ പുറത്തെത്തിയിരുന്നു. ചിത്രം പുറത്തിറങ്ങാന്‍ ഒന്‍പത് ദിവസം ശേഷിക്കെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയാണ്.

ഗാനത്തിന്‍റെ നൃത്തരംഗങ്ങളാണ് വിമര്‍ശിക്കപ്പെടുന്നത്. നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് പുറത്തെത്തിയ നൃത്തരംഗത്തില്‍ ഉള്ളത്. ബാലയ്യയുടെ സ്റ്റെപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. അനുചിതമായ സ്റ്റെപ്പുകളെന്നും സ്ത്രീയെ അപമാനിക്കുംവിധമുള്ള ചുവടുകളെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ കനക്കുന്നത്. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. ഈ സ്റ്റെപ്പുകള്‍ സൃഷ്ടിച്ചതിന്‍റെ പേരില്‍ നൃത്ത സംവിധായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. തമന്‍ എസ് ആണ് സംഗീത സംവിധാനം. അതേസമയം ഗാനം യുട്യൂബില്‍ ഇതിനകം 2 മില്യണിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.

 

പവര്‍, സര്‍ദാര്‍ ഗബ്ബര്‍ സിംഗ്, വാള്‍ട്ടര്‍ വീരയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കെ എസ് രവീന്ദ്ര എന്ന ബോബി കൊല്ലി. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായി എത്തുന്നത്. അനിമലിലെ വില്ലന്‍ വേഷം ഹിറ്റ് ആയതിന് ശേഷം ബോബിക്ക് അത്തരം നിരവധി കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അതേസമയം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീസറില്‍ ദുല്‍ഖറിന്‍റെ സാന്നിധ്യമില്ല. ചിത്രത്തില്‍ സര്‍പ്രൈസ് ആയി എത്തിക്കാനാണോ ആ വേഷം എന്നതാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.

ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios