ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്.

cyber attack against Honey Rose Police move to more arrests

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

'അസഭ്യ അശ്ലീല ഭാഷാ പണ്ഡിത മാന്യമാരെ,ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.' നടി ഇങ്ങനെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. കൊച്ചി സെൻട്രൽ പൊലീസിൽ കമന്റിട്ടവരുടെ പേരും ഐഡിയും അടക്കം ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബർ സെൽ മണിക്കൂറുകൾക്കകം ലൊക്കേഷൻ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. ഇതിന് പിന്നാലെയാണ് നടി ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചത്. രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ല. ഓരോരുത്തർ അവരുടെ ചിന്തകൾക്ക് അനുസരിച്ച് നിയമസംഹിത സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ല. തന്നെ വിമർശിക്കാം എന്നാൽ അത് പരിധി വിട്ടാൽ വെറുതെ ഇരിക്കില്ലെന്നും നടി പറഞ്ഞു.

Also Read: 'അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ..ഞാന്‍ നിങ്ങളുടെ നേരെ വരും'; 'യുദ്ധം പ്രഖ്യാപിച്ച്' ഹണി റോസ്, പോസ്റ്റ്

അതേസമയം, ഹണി റോസിനെ പിന്തുണച്ച് താരസംഘടനയായ അമ്മയും പ്രസ്താവനയിറക്കി. നടിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തെ അപലപിച്ച സംഘടന നിയമനടപടികൾക്കും പിന്തുണ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് നടന്ന ഉദ്ഘാടന വേദിയിലാണ് ഹണി റോസ് ദുരനുഭവം നേരിട്ടത്. പിന്നീടും സമൂഹമാധ്യമങ്ങൾ വഴിയും നേരത്തെ ഉദ്ഘാടനത്തിന് വിളിച്ച സ്ഥാപന ഉടമ അധിക്ഷേപം തുടർന്നു. ഇതിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച നടിയ്ക്കെതിരെ കമന്റുകളായി ആൾക്കൂട്ടം സൈബർ അധിക്ഷേപം നടത്തി. ഇതിലാണ് നടി സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. മിക്കതും വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ജനശ്രദ്ധ ആകർഷിച്ച കേസിൽ നടപടി കടുപ്പിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios