'ഫൈറ്റര്‍' ടീസറിലെ ചൂടന്‍ രംഗം; ദീപിക പദുകോണിനെതിരെ സൈബര്‍ ആക്രമണം, വ്യോമസേനയെ അപമാനിക്കുന്നതെന്ന് വാദം
വ്യോമസേനാ പൈലറ്റുമാരാണ് ചിത്രത്തില്‍ ഹൃത്വിക്കിന്‍റെയും ദീപികയുടെയും കഥാപാത്രങ്ങള്‍
ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഫൈറ്റര്‍. ഷാരൂഖ് ഖാന് 1000 കോടി വിജയം നല്‍കിയ പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിനുള്ള ഏറ്റവും വലിയ കാരണം. ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് മറ്റൊരു കാരണം. സമീപകാലത്ത് ഏറ്റവുമധികം വരവേല്‍പ്പ് ലഭിച്ച ടീസര്‍ ആണ് ചിത്രത്തിന്‍റേത്. ഇന്നലെയാണ് ഇത് പുറത്തെത്തിയത്. എന്നാല്‍ ടീസറിലെ ഒരു രംഗത്തിന്‍റെ പേരില്‍ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് എതിര്‍പ്പ് നേരിടുകയാണ് ദീപിക പദുകോണ്‍.
വ്യോമസേനാ പൈലറ്റുമാരാണ് ചിത്രത്തില്‍ ഹൃത്വിക്കിന്‍റെയും ദീപികയുടെയും കഥാപാത്രങ്ങള്‍. ബീച്ചില്‍ വച്ചുള്ള നായികാനായകന്മാരുടെ ഒരു ഇന്‍റിമേറ്റ് രംഗം ടീസറില്‍ ഉണ്ട്. ഇതില്‍ ദീപിക ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് വിമര്‍ശനം ഉയരുന്നത്. ഏത് വ്യോമസേനാ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ വസ്ത്രം ധരിക്കുകയെന്നും വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. ദീപിക ഇപ്പോള്‍ എല്ലാ ചിത്രങ്ങളിലും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പൊയ്ക്കൂടേ എന്നുവരെ അധിക്ഷേപ പരാമര്‍ശനങ്ങള്‍ അക്കൂട്ടത്തിലുണ്ട്.
നേരത്തെ പഠാനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും നായികയായ ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഗാനരംഗത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറമാണ് അന്ന് ഒരു വിഭാഗം പ്രേക്ഷകരെ ചൊടിപ്പിച്ചത്. അതേസമയം എതിര്‍പ്പ് പോലെ തന്നെ ഹൃത്വിക്- ദീപിക കോമ്പോ സ്ക്രീനില്‍ കാണാനുള്ള സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റുകളും എക്സില്‍ വരുന്നുണ്ട്. ഇതേ ചിത്രങ്ങളാണ് അവരും പങ്കുവെക്കുന്നത്.
ഫൈറ്ററിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യവിസ്മയമാവും സിദ്ധാര്‍ഥ് ആനന്ദ് കാട്ടുകയെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ടീസര്‍ ഇറങ്ങിയതിന് ശേഷം ആ പ്രതീക്ഷ കൂടിയിട്ടുമുണ്ട്. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാവും ചിത്രം നടത്തുക. 2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.