കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവര്‍ക്ക് കൊവിഡ്, ആശങ്കയിൽ ബോളിവുഡ്
കഴിഞ്ഞ ദിവസങ്ങളിലായി 50 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മെയ് 25ന് യാഷ് രാജ് സ്റ്റുഡിയോസിൽ വച്ചാണ് വലിയ താരനിര തന്നെ പങ്കെടുത്ത കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷം നടന്നത്.
മുംബൈ: 50ാം ജന്മദിനം ആഘോഷിക്കാൻ സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹര്‍ ഒരുക്കിയ പാര്‍ട്ടിയിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി 50 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മെയ് 25ന് യാഷ് രാജ് സ്റ്റുഡിയോസിൽ വച്ചാണ് കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കത്രീന കെയ്ഫിനും കൊവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നു. ഇതോടെയാണ് കൊവിഡ് ബാധിച്ചത് കരൺ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയിൽ നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. വിക്കി കൗശലിനും ആദിത്യ റോയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിന് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്ത, കരൺ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കൾക്കും കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ബോളിവുഡ് താരങ്ങൾക്കിടയിലും വൈറസ് പകരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷാരൂഖിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. നയൻതാരയാണ് നായിക. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്തും സംസ്ഥാനത്തും ഒരു പോലെ കൊവിഡ് വ്യാപനം ശക്തമാകുകയാണ്. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,76,817 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്.
മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.