സൂപ്പർ താരങ്ങളെക്കാൾ കയ്യടി; ക്രിസ്ത്യൻ ബ്രദേഴ്സ് റി റിലീസ് വേണം, മുറവിളികൂട്ടി കൺവിൻസിങ് സ്റ്റാർ ആരാധകർ
2011ൽ റിലീസ് ചെയ്ത ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്.
സിനിമാ ലോകത്തിപ്പോൾ റി റിലീസുകളുടെ കാലമാണ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ പടങ്ങളും പരാജയം നേരിട്ട പടങ്ങളും ഇത്തരത്തിൽ പുത്തൻ സാങ്കേതിക മികവിൽ റി റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇതിനോടകം മൂന്ന് സിനിമകൾ റി റിലീസ് ചെയ്തു കഴിഞ്ഞു. ഈ അവസരത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ തുടങ്ങി വൻ താരനിരകൾ അണിനിരന്ന ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രം വീണ്ടും റിലീസ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് എത്തിയിരിക്കുകയാണ്.
ക്രിസ്ത്യൻ ബ്രദേഴ്സ് റി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് കാരണമാകട്ടെ ഒരു താരവും. സുരേഷ് കൃഷ്ണയാണ് ആ താരം. കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കൺവിൻസിങ് സ്റ്റാറാണ് സുരേഷ് കൃഷ്ണ. ക്രിസ്ത്യൻ ബ്രദേഴ്സിൽ കൊലപാതകം നടത്തിയ ശേഷം മോഹൻലാൽ കഥാപാത്രത്തെ പറ്റിച്ച് കടന്നു കളയുന്ന സുരേഷ് കൃഷ്ണയുടെ ജോർജുകുട്ടി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം 'പനിനീർ നില..' എന്ന ഗാനവും. ഇതാണ് ചിത്രം വീണ്ടും റി റിലീസ് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിന് കാരണം.
'ഒരു ചതിയന്റെ വിജയം. നന്ദി 100K', എന്ന സുരേഷ് കൃഷ്ണയുടെ പോസ്റ്റിന് താഴെയാണ് റി റിലീസ് ആവശ്യം ഉയരുന്നത്. നടനും സോഷ്യൽ മീഡിയ താരവുമായ സിജു സണ്ണിയാണ് ഇതിന് തുടക്കമിട്ടത്. ക്രിസ്ത്യൻ ബ്രദേഴ്സ് ഫോർ കെ റി റിലീസ് വേണമെന്നാണ് പോസ്റ്റിന് താഴെ സിജു ഇട്ട കമന്റ്. ഇത് ഏറ്റുപിടിച്ച് നിരവധി പേർ രംഗത്ത് എത്തി. 'ജോർജു കുട്ടി എപ്പിക് സീനിൽ തിയറ്റർ കത്തും, നീ ടിക്കറ്റ് ബുക്ക് ചെയ്തോളു. ഞാൻ അരമണിക്കൂർ മുൻപെ എത്താം', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. ക്രിസ്ത്യൻ ബ്രദേഴ്സ് റി റിലീസ് ചെയ്താൽ സൂപ്പർ താരങ്ങളെക്കാൾ കയ്യടി നേടാൻ സുരേഷ് കൃഷ്ണയുടെ വേഷത്തിന് സാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.
ജോഷിയുടെ സംവിധാനത്തിൽ 2011ൽ റിലീസ് ചെയ്ത ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. കാവ്യാ മാധവൻ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, കനിഹ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ നായികമാർ. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം.
സിനിമയിൽ മാത്രമല്ല, ഇൻസ്റ്റയിലും പണിതുടങ്ങി 'കൺവിൻസിങ് സ്റ്റാർ'; 'ദേ ചേട്ടൻ പിന്നേം' എന്ന് ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..