'തിരിച്ചുവരാന്‍ മോഹന്‍ലാല്‍ എവിടെയെങ്കിലും പോയിരുന്നോ'? 'നേര്' നിരൂപണങ്ങളെക്കുറിച്ച് സി ജെ ജോണ്‍

"ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്ക്"

cj john about neru movie review mohanlal jeethu joseph anaswara rajan antony perumbavoor aashirvad cinemas nsn

ഒരിടവേളയ്ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ വലിയ കൈയടി നേടുകയാണ്. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നേര് ആണ് അത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. അനശ്വരയുടെയും മോഹന്‍ലാലിന്‍റെയും പ്രകടനങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങളില്‍ മുഴുവന്‍ കൈയടികള്‍. മോഹന്‍ലാല്‍ എന്ന പെര്‍ഫോമര്‍ തിരിച്ചുവന്നു എന്ന തരത്തിലാണ് നിരൂപണങ്ങളില്‍ പലതും. എന്നാല്‍ അങ്ങനെ പറയാനുംമാത്രം അദ്ദേഹത്തിലെ നടന്‍ എവിടെയെങ്കിലും പോയിരുന്നോ എന്ന് ചോദിക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ സി ജെ ജോണ്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

സി ജെ ജോണിന്‍റെ കുറിപ്പ്

തിരിച്ചുവരുന്ന മോഹന്‍ലാല്‍.. നേരിന്റെ പല നിരൂപണങ്ങളിലും പ്രചരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. മോഹൻലാൽ എവിടെയെങ്കിലും പോയിരുന്നോ? ഈ അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു. ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞത് കൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ? തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷി. ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്ക്. അതാണ് നേര്. ആ ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാനടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക. അഭിനയ സാധ്യതയുള്ള നല്ല സബ്ജെക്ട് നൽകുക. ഫാൻസ്‌ ഇമേജെന്ന ന്യായം ചൊല്ലി ഊതിപ്പെരുപ്പിച്ച കഥയേയും ബലൂൺ കഥാപാത്രങ്ങളേയും കെട്ടി ഏൽപ്പിക്കാതിരിക്കുക. അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം. തിരിച്ച്  വന്നുവെന്ന് പറയാൻ ഇട വരുത്തരുത്. ഓരോ വരവും വരവാകണം. 

ALSO READ : വിഷ്‍ണു ശ്യാം മാജിക്; 'നേര്' തീം സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios