'കുറച്ച് വിഷ്വല്‍സ് കണ്ടു, ഭ്രമരത്തിലെ ലാലേട്ടനെപ്പോലെ തോന്നി'; 'തുടരും' സിനിമയെക്കുറിച്ച് ഫൈസ് സിദ്ദിഖ്
തരുണ്‍ മൂര്‍ത്തിയുടെ അരങ്ങേറ്റ ചിത്രം ഓപറേഷന്‍ ജാവയുടെ ഛായാഗ്രാഹകനാണ് ഫൈസ് സിദ്ദിഖ്
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് തുടരും. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം സംവിധാനം ചെയ്യുന്നത് യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ്. രജപുത്ര വിഷ്വല്‍ മീഡിയയാണ് നിര്‍മ്മാണം. ശോഭനയാണ് ചിത്രത്തിലെ നായിക എന്നതും പ്രത്യേകതയാണ്. 15 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത് എന്നതുപോലെ ചുരുക്കം വിവരങ്ങള്‍ മാത്രമാണ് ചിത്രത്തെക്കുറിച്ച് പുറത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ചില വിഷ്വല്‍സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും തരുണ്‍ മൂര്‍ത്തിയുടെ സുഹൃത്തുമായ ഫൈസ് സിദ്ദിഖ്. തരുണ്‍ മൂര്‍ത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ഓപറേഷന്‍ ജാവയുടെ ഛായാഗ്രഹണം ഫൈസ് ആയിരുന്നു. അതേസമയം തുടരും എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. തുടരും സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോഴത്തെ അനുഭവമാണ് ഫൈസ് പങ്കുവെക്കുന്നത്.
"തരുണിന്‍റെ പടത്തിന്‍റെ കുറച്ച് വിഷ്വല്‍സ് കണ്ടു. എനിക്ക് ഭ്രമരത്തിലെ ലാലേട്ടനായി അനുഭവപ്പെട്ടു. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, ലാലേട്ടാ ഭ്രമരത്തില്‍ എനിക്ക് എന്ത് കിട്ടിയോ അതെനിക്ക് ഇതില്‍ ഫീല്‍ ചെയ്തു എന്ന്. ഫാമിലി മാന്‍ ആയിട്ടുള്ള ലാലേട്ടനെയാണ് അദ്ദേഹം തിരിച്ചുവന്ന ഒരുപാട് പടങ്ങളില്‍ കണ്ടത്. വൈകാരികമായി ഞെട്ടിക്കുന്നുണ്ട്, കുറച്ച് വിഷ്വല്‍സ് കണ്ടപ്പോള്‍", ഫൈസ് സിദ്ദിഖ് പറയുന്നു.
"ഭയങ്കര ഹാപ്പിയായി അവര്‍ ഷൂട്ട് ചെയ്ത സിനിമയാണ് തുടരും. നല്ലൊരു പടമായിത്തന്നെ വരും. അങ്ങനെതന്നെ ആവട്ടെ. ഒരു ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ മഴ പെയ്തിട്ടും അവരെല്ലാവരും എന്‍ജോയ് ചെയ്ത് ഇരിക്കുകയാണ്. അത് തന്നെ വലിയ ഭാഗ്യമാണ്. കാരണം അവിടെ ജോലിയുടെ ഒരു സമ്മര്‍ദ്ദം കൊടുക്കുകയാണെങ്കില്‍ അത് പോയി", ഫൈസ് സിദ്ദിഖ് പറഞ്ഞവസാനിപ്പിക്കുന്നു. അടുത്തിടെ എത്തിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് 1000 ബേബീസിന്‍റെ ഛായാഗ്രഹണവും ഫൈസ് സിദ്ദിഖ് ആയിരുന്നു.
ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം