'ദുല്‍ഖര്‍ ഞെട്ടിച്ചു'; പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി ബോളിവുഡ് ചിത്രം 'ഛുപ്'

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്

chup public free view preview audience responce first reviews dulquer salmaan sunny deol r balki

ദുല്‍ഖറിന്‍റെ മൂന്നാം ഹിന്ദി ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. സണ്ണി ഡിയോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പേര് ഛുപ്: റിവെഞ്ച് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റ് എന്നാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കി ആണ്. തിയറ്റര്‍ റിലീസ് 23ന് ആണെങ്കിലും ചിത്രം തിയറ്ററുകളില്‍ തന്നെ ഇന്ന് കാണാന്‍ പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന് അവസരം ലഭിച്ചിരുന്നു. അണിയറക്കാര്‍ തന്നെ ഒരുക്കിയിരുന്നു സൌജന്യ പ്രിവ്യൂ വഴിയായിരുന്നു അത്. സാധാരണ ഇത്തരം പ്രിവ്യൂകളില്‍ ക്ഷണം ലഭിക്കുക നിരൂപകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമാണെങ്കില്‍ ഛുപ് അണിയറക്കാര്‍ ആ കസേരകള്‍ പ്രേക്ഷകര്‍ക്കായി മാത്രം നീക്കിവെച്ചു. അത്തരത്തില്‍ നടന്ന ആദ്യ പ്രിവ്യൂസിനു ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

ചിത്രത്തിനും അതിലെ ദുല്‍ഖറിന്‍റെ പ്രകടനത്തിനും വമ്പന്‍ അഭിപ്രായമാണ് ലഭിക്കുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ഹിന്ദി ചിത്രമാണ് ഛുപ് എന്ന് സുപ്രതിം സെന്‍ഗുപ്‍ത എന്ന പ്രേക്ഷകന്‍ കുറിക്കുന്നു. ത്രില്ലിംഗും പിടിച്ചിരുത്തുന്നതുമായ അനുഭവം. ഇന്നത്തെ കാലത്ത് ഏറെ പ്രസക്തവും സവിശേഷതയുള്ളതുമായ ഒരു ആശയം. ഗംഭീര പ്രകടനത്താല്‍ ദുല്‍ഖര്‍ സല്‍മാന്‍ കളം പിടിച്ചു, സുപ്രതിം കുറിച്ചു. പല നഗരങ്ങളിലെ പ്രിവ്യൂസിനു ശേഷവും സമാന അഭിപ്രായങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ചിത്രം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരൊക്കെ ദുല്‍ഖറിന്‍റെ പ്രകടനത്തെയും വാഴ്ത്തുന്നുണ്ട്.

ALSO READ : 'ആര്‍ആര്‍ആര്‍' അല്ല; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി.  പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

തെലുങ്ക് ചിത്രം സീതാ രാമത്തിനു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന റിലീസ് ആണ് ഛുപ്. സീതാ രാമം തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി നേടിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഒരു മാസത്തിനിപ്പുറമാണ് റിലീസ് ചെയ്യപ്പെട്ടത്. ഹിന്ദി പതിപ്പും തിയറ്ററുകളില്‍ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛുപ് കൂടി വിജയിക്കുന്നപക്ഷം അത് ദുല്‍ഖറിന്‍റെ കരിയറില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios