'ചോള സാമ്രാജ്യ'ത്തില്‍ നിന്ന് 'കെജിഎഫി'ലേക്ക് വിക്രം; പാ രഞ്ജിത്ത് ചിത്രം ആരംഭിക്കുന്നു
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം
ഒരിടവേളയ്ക്കു ശേഷം കരിയറില്‍ ഒരു വലിയ വിജയചിത്രം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് നടന്‍ വിക്രം. മണി രത്നത്തിന്‍റെ താരബാഹുല്യമുള്ള പൊന്നിയിന്‍ സെല്‍വനില്‍ നായക കഥാപാത്രമൊന്നുമല്ലെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് വിക്രത്തിന് ലഭിച്ചത്. ആദിത്യ കരികാലന്‍ എന്ന കഥാപാത്രമായി വിക്രം സ്ക്രീനില്‍ തന്‍റെ സാന്നിധ്യം ഗംഭീരമാക്കുകയും ചെയ്‍തു. പൊന്നിയിന്‍ സെല്‍വന്‍ പഴയ ചോള സാമ്രാജ്യത്തിന്‍റെ കഥയാണ് പറഞ്ഞതെങ്കില്‍ അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രം അതില്‍ നിന്നും തികച്ചും വേറിട്ട ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്!
അതെ, കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ഉയര്‍ത്തിയ കെജിഎഫ് പശ്ചാത്തലമാക്കിയ അതേ ഇടം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. എന്നാല്‍ യഷ് നായകനായ കന്നഡ ചിത്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്‍തവുമായിരിക്കും ഈ ചിത്രം. സിനിമയുടെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചിട്ടുണ്ട്. 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ഉള്ളതായിരിക്കും.
ALSO READ : 'ആരും മനസില്‍ നിന്ന് പോകുന്നില്ല'; റോഷാക്ക് റിവ്യൂവുമായി വിനീത് ശ്രീനിവാസന്‍
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമാണിത്. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രം പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി.