'ഭോലാ ശങ്കറി'ന്‍റെ പരാജയം; ചെക്ക് മാറാതെ ചിരഞ്ജീവി? വേണ്ടെന്ന് വച്ചത് വന്‍ തുകയെന്ന് റിപ്പോര്‍ട്ട്

ചിരഞ്ജീവി അഭിനയിച്ച കഴിഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 55 കോടി ആയിരുന്നു

chiranjeevi sacrificed 10 crores rupees for bhola shankar failure says reports nsn

രാജ്യത്തെ സിനിമാ തിയറ്ററുകള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷന്‍ രേഖപ്പെടുത്തിയ വാരാന്ത്യമാണ് കടന്നുപോയത്. വലുതും ചെറുതുമായ ചിത്രങ്ങളൊക്കെ അതിന്‍റെ ഗുണഫലം അനുഭവിച്ച ദിവസങ്ങളില്‍ അത് ലഭിക്കാതെപോയത് ഒരു തെലുങ്ക് സൂപ്പര്‍താര ചിത്രത്തിനാണ്. ചിരഞ്ജീവി നായകനായ ഭോല ശങ്കര്‍ ആയിരുന്നു ആ ചിത്രം. ബോക്സ് ഓഫീസില്‍ വലിയ തകര്‍ച്ച നേരിട്ട ചിത്രത്തിന് ചിരഞ്ജീവി മുഴുവന്‍ പ്രതിഫലമായ 65 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെ തള്ളിയും ചിരഞ്ജീവിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയും നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. ചിരഞ്ജീവി പ്രതിഫലത്തില്‍ വലിയൊരു കുറവ് വരുത്തിയിരിക്കുകയാണ് എന്നതാണ് അത്.

ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം ചിരഞ്ജീവി അഭിനയിച്ച കഴിഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 55 കോടി ആയിരുന്നു. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ഈ ചിത്രം. ആയതിനാല്‍ ഭോലാ ശങ്കറില്‍ ചിരഞ്ജീവി പ്രതീക്ഷിച്ച പ്രതിഫലം 60- 65 കോടിയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചിരഞ്ജീവിയുടെ പ്രതിഫലം പല ഗഡുക്കളായി നല്‍കിയ നിര്‍മ്മാതാവ് അവസാനമായി ഒരു 10 കോടി കൈമാറിയത് പോസ്റ്റ് ഡേറ്റഡ് ചെക്ക് ആയിട്ടാണെന്നും ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. റിലീസിന് ശേഷമുള്ള തിങ്കളാഴ്ചയാണ് ചെക്കില്‍ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ നിരീക്ഷിച്ച ചിരഞ്ജീവി ആ 10 കോടി വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചിരഞ്ജീവിയുടെ ചിത്രത്തിലെ പ്രതിഫലം 55 കോടി ആയിരിക്കും.

അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഭോലാ ശങ്കര്‍. 101 കോടി ബജറ്റ് വരുന്ന ചിത്രത്തിന് വിതരണക്കാര്‍ മുടക്കിയത് 76 കോടി ആണെന്ന് നേരത്തെ ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളിലെ മാത്രം കണക്കാണ് ഇത്. എന്നാല്‍ സാധാരണ ചിരഞ്ജീവി ചിത്രത്തിന് ലഭിക്കാറുള്ള കളക്ഷന്‍ പരിഗണിക്കുമ്പോള്‍ വലിയ ഇടിവാണ് ഭോലാ ശങ്കര്‍ രേഖപ്പെടുത്തിയത്. നിസാമില്‍ വാള്‍ട്ടര്‍ വീരയ്യ നേടിയത് 30 കോടി ആണെങ്കില്‍ ഭോലാ ശങ്കറിന് നേടാനായത് 7 കോടി മാത്രമാണ്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ നേരിടുന്നത് 60 കോടിയുടെ നഷ്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ALSO READ : ആദ്യ വാരം ശരിക്കും എത്ര നേടി? ഒഫിഷ്യല്‍ കളക്ഷന്‍ പ്രഖ്യാപിച്ച് ജയിലര്‍, ഒഎംജി 2, ഗദര്‍ 2 നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios