തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ചിരഞ്ജീവി, അല്ലു അരവിന്ദ് അടക്കമുള്ളവര്‍
അല്ലു അർജുൻ്റെ അറസ്റ്റും ചോദ്യം ചെയ്യലും വലിയ രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച
ചിരഞ്ജീവിയും അല്ലു അരവിന്ദും അടക്കമുള്ള തെലുങ്ക് സിനിമയിലെ പ്രമുഖർ നാളെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണും. നാളെ രാവിലെ 10 മണിക്ക് സർക്കാരിൻ്റെ കമാൻഡ് കൺട്രോൾ സെൻ്റർ ഓഫിസിൽ ആണ് കൂടിക്കാഴ്ച. തെലങ്കാന ഫിലിം ഡെവലപ്മെൻ്റ് കോർപറേഷൻ ചെയർമാൻ ദിൽ രാജു ആണ് ഈ വിവരം അറിയിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ പ്രധാന പ്രശ്നങ്ങളും വെല്ലുവിളികളും വിലയിരുത്താനുള്ള യോഗം എന്ന് മാത്രമാണ് പ്രസ്താവന. അല്ലു അർജുൻ്റെ അറസ്റ്റും ചോദ്യം ചെയ്യലും വലിയ രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച.
അതേസമയം പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് 2 കോടിയുടെ ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും സന്നദ്ധരായിട്ടുണ്ട്. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.
ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.
ALSO READ : വീണ്ടും ഒരു 3 ഡി ചിത്രം; 'ബറോസി'നൊപ്പം മാത്യു തോമസ് ചിത്രം 'ലൗലി'യുടെ 3 ഡി ട്രെയ്‍ലര്‍