10 വിക്കറ്റിന് മുംബൈയെ തകര്‍ത്തുവിട്ട് ചെന്നൈ; ആര്യയ്ക്കും സംഘത്തിനും സിസിഎല്ലില്‍ മിന്നും തുടക്കം
80 റണ്‍സ് എടുത്ത വിക്രാന്ത് ആണ് മാന്‍ ഓഫ് ദി മാച്ച്. രഅശോക് സെല്‍വന്‍ മികച്ച ബൌളര്‍
ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണില്‍ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മിന്നും തുടക്കം. എതിരാളികളും സിസിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരുമായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് മുംബൈ ഹീറോസിനെ 10 വിക്കറ്റിലാണ് അവര്‍ തകര്‍ത്തുവിട്ടത്. 7 ഓവര്‍ അവശേഷിക്കെയാണ് ആര്യ നായകനായ ചെന്നൈ റൈനോസിന്‍റെ വിജയം.
10 ഓവര്‍ വീതമുള്ള രണ്ട് സ്പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്സുകളായി പുതുമയോടെയാണ് ഇത്തവണത്തെ സിസിഎല്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മുംബൈ ഹീറോസിനെതിരെ ചെന്നൈ ആദ്യ ഇന്നിംഗ്സില്‍ 10 ഓവറില്‍ 150 റണ്‍സ് എന്ന മികച്ച സ്കോര്‍ ആണ് നേടിയത്. വിക്കറ്റൊന്നും പോകാതെയാണ് ഇത് എന്നതാണ് കൌതുകം. ഓപണര്‍മാരായ വിക്രാന്തും രമണയും തകര്‍ത്തടിച്ചതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി.
ഇതിന് മറുപടിയായി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സ് എടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 94 അടിച്ചത്. 56 റണ്‍സ് പിന്നില്‍ നിന്ന മുംബൈക്ക് രണ്ടാം ഇന്നിംഗ്സിലും സ്കോര്‍ ബോര്‍ഡില്‍ കാര്യമായൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. 5 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് ആണ് അവരുടെ രണ്ടാം ഇന്നിംഗ്സ് സ്കോര്‍. മത്സരം ജയിക്കാന്‍ 36 റണ്‍സ് മാത്രം വേണ്ടിയിരുന്ന ചെന്നൈ മൂന്നാം ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. 80 റണ്‍സ് എടുത്ത വിക്രാന്ത് ആണ് മാന്‍ ഓഫ് ദി മാച്ച്. രമണ മികച്ച ബാറ്റര്‍ ആയപ്പോള്‍ അശോക് സെല്‍വന്‍ മികച്ച ബൌളറും ആയി. സിസിഎല്ലിലെ ആദ്യ രണ്ട് സീസണുകളിലെയും ചാമ്പ്യന്മാരാണ് ചെന്നൈ റൈനോസ്.
അതേസമയം സിസിഎല്ലിലെ രണ്ടാം ദിനമായ ഇന്ന് മലയാള സിനിമാ താരങ്ങളുടെ ക്ലബ്ബ് ആയ കേരള സ്ട്രൈക്കേഴ്സ് തെലുഗു വാരിയേഴ്സിനെ നേരിടും. മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ഡി ഷേര്‍ ഭോജ്പുരി ദബാംഗ്സിനെയും നേരിടും.
ALSO READ : 'വാര്‍ 2' പ്രതീക്ഷിച്ചതിലും നേരത്തെ; പഠാനും ടൈഗറും കബീറിനൊപ്പം!