വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; 'സ്‍ഫടികം 4 കെ' കാണാനെത്തി 'ഓന്ത് ഗോപാലന്‍'
28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റീ റിലീസിലും ശ്രദ്ധ നേടുകയാണ് ചിത്രം
സ്‍ഫടികം എന്ന മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് തലമുറകളെ ഒരുപോലെ രസിപ്പിക്കുന്നതിന് കാരണം പലതാണ്. വ്യക്തമായി എഴുതപ്പെട്ട, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവുമൊക്കെയുള്ള കഥാപാത്രങ്ങളും മികവുറ്റ പ്രകടനങ്ങളുമാണ് അതിന് ഒരു കാരണം. ഒപ്പം പൂര്‍ണ്ണതയോളമെത്തിയ ഭദ്രന്‍റെ സംവിധാന മികവും. ടെലിവിഷനില്‍ പതിറ്റാണ്ടുകളുടെ ആവര്‍ത്തിച്ചുള്ള കാഴ്ചകള്‍ക്ക് ശേഷവും തിയറ്റര്‍ റിലീസിന് ആളെത്തി എന്നത് ഈ ചിത്രത്തോട് മലയാളികള്‍ക്കുള്ള സ്നേഹം വെളിവാക്കും. 28 വര്‍ഷങ്ങള്‍ക്കു ശേഷം റീ മാസ്റ്ററിംഗ് നടത്തി സ്ഫടികം വീണ്ടുമെത്തിയപ്പോള്‍ ചിത്രത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പലരും നമുക്കൊപ്പമില്ല. അതേസമയം
ചിത്രത്തിലെ ചെറുകഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച ചില അഭിനേതാക്കളെ കണ്ടെത്തിക്കൊണ്ട് വരുന്നുമുണ്ട് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് അത്തരത്തില്‍ ഒരു ചെറുകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ചന്ദ്രന്‍.
ചന്ദ്രന്‍ എന്ന് കേട്ടാല്‍ പരിചയമില്ലാത്തവര്‍ക്കും ഓന്ത് ഗോപാലന്‍ എന്നു കേട്ടാല്‍ ഓര്‍മ്മ വരും. എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട ആടുതോമയുടെ കേസ് വിളിക്കുന്നതിന് മുന്‍പ് കോടതി വിളിക്കുന്ന കേസാണ് ഓന്ത് ഗോപാലന്‍റേത്. വാഴക്കുളം സെമിനാരി വക ശീമപ്പന്നിയെ പരാമര്‍ കൊടുത്ത് കൊന്ന കേസിലെ പ്രതിയാണ് ചിത്രത്തില്‍ ഓന്ത് ഗോപാലന്‍. മോഹന്‍ലാലും രാജന്‍ പി ദേവും അടക്കമുള്ളവരുടെ കാഴ്ചവട്ടത്തില്‍ പ്രതിക്കൂട്ടിലേക്ക് കയറിവരുന്ന രീതിയില്‍ ഒറ്റ ഷോട്ടില്‍ മാത്രമാണ് ഈ കഥാപാത്രം ഉള്ളത്. എന്നാല്‍ പേരിലെ കൌതുകം മൂലം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രവുമാണ് ഇത്. ഫേസ്ബുക്കിലെ സിനിമാഗ്രൂപ്പ് ആയ എം3ഡിബിയിലൂടെ ജോസ്മോന്‍ വര്‍ഗീസ് എന്നയാളാണ് തൃശൂരിലെ ഒരു തിയറ്ററില്‍ ചിത്രം കാണാനെത്തിയ ചന്ദ്രന്‍റെ ചിത്രം പങ്കുവച്ചത്. വിഹാരി ഇന്‍റര്‍നെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ അദ്ദേഹം തന്നെ ചന്ദ്രനെ പരിചയപ്പെടുത്തിയിട്ടുമുണ്ട്.
അഭിനയത്തിനൊപ്പം ബോഡി ബില്‍ഡര്‍ എന്ന രീതിയിലും ഒരുകാലത്ത് തൃശൂരില്‍ ശ്രദ്ധ നേടിയ ആളായിരുന്നു ചന്ദ്രന്‍. 92 ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് നാടകത്തിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സീനിമകളിലും സീരിയലുകളിലുമായി ഇരുപതിലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ലഭിച്ചതിനു ശേഷം അഭിനയം തുടര്‍ന്നില്ല.