മകനെ കടല്‍ കാണിക്കാനെത്തിയ ചന്ദ്രയും ടോഷും: വീഡിയോ
2021 ൽ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്
മിനിസ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം സുജാതയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു സമയത്ത് മലയാള ടെലിവിഷൻ, സിനിമാ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന താരം. 2002 ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷൻ ആസ്വാദകരുടെ മനസ്സിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കയറിക്കൂടിയത്. പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭർത്താവ്. ടോഷും സിനിമകളിലും നിരവധി സീരിയലുകളിലും സജീവമാണ്. യുട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും.
മകൻ അയാന്റെ വിശേഷങ്ങളെല്ലാം താരദമ്പതികൾ പ്രേക്ഷകരെ അറിയിക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. ഇപ്പോഴിതാ മകനൊപ്പം ബീച്ചിൽ എത്തിയിരിക്കുകയാണ് ഇരുവരും. ഈ തീരത്ത് ഇത്തിരി നേരം എന്ന പേരിലാണ് ഇത്തവണത്തെ വ്ലോഗ്. ബീച്ചിലെത്തുന്നത് മുതൽ തിരികെ കയറുന്നത് വരെയുള്ള കാര്യങ്ങൾ വ്ലോഗിൽ ഉൾപെടുത്തിയിട്ടുണ്ട്. അയാൻ കുട്ടനെ കടൽ പരിചയപ്പെടുത്തുന്നതും കാണാം.
കുഞ്ഞിനെ എടുത്ത് തിരമാല വരുമ്പോൾ ടോഷും ചന്ദ്രയും ഓടി മാറുന്നതും എല്ലാം വളരെ രസകരമായാണ് പകർത്തിയിരിക്കുന്നത്. 'കടലമ്മ ചീത്ത' എന്ന് മണലിൽ എഴുതി അത് മായ്ക്കുമോയെന്ന് നോക്കാമെന്നു ടോഷ് പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അത് കാണുന്നില്ലെന്ന് ചന്ദ്ര കാണിച്ചു കൊടുക്കുന്നതും കാണാം. താരങ്ങളുടെ വ്ലോഗിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ അറിയിക്കുന്നത്.
2021 ൽ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്. സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടത്. പിന്നീട് നല്ല സുഹൃത്തുക്കളായി. പരിചയം പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ചന്ദ്രയുടെ ഗർഭകാലത്ത് സീരിയലിലെ നായികയും ഗർഭിണിയായിരുന്നു. അതുകൊണ്ട് തന്നെ അഭിനയത്തിൽ നിന്ന് താരം മാറി നിന്നിട്ടില്ല. അടുത്തിടെയാണ് സീരിയൽ അവസാനിച്ചത്.
ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്