അസാധ്യമായത് നടക്കും? തമിഴ്നാട്ടിലെ വിജയ് ആരാധകര്‍ക്ക് സര്‍പ്രൈസ്! പ്രഖ്യാപനം വരുമെന്ന് തിയറ്റര്‍ ഉടമകള്‍
റിലീസ് ദിനത്തിലെ പുലര്‍ച്ചെയുള്ള ഷോകള്‍ സാധിക്കാത്തതിലുള്ള ആരാധകരുടെ നിരാശ മറികടക്കുക ലക്ഷ്യം
തങ്ങളുടെ പ്രിയ സൂപ്പര്‍താരത്തിന്‍റെ ഒരു ചിത്രം റിലീസ് ദിവസം ഏറ്റവുമാദ്യം കാണുകയെന്നത് ആരാധകരുടെ മിനിമം ആഗ്രഹങ്ങളില്‍ പെടും. തമിഴ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിലൂടെയാണ് പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചത്. തമിഴ്നാട്ടിലെ ഈ ട്രെന്‍ഡ് കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിലുമുണ്ട്. ഇവിടെയും തമിഴ് ചിത്രങ്ങള്‍ക്കാണ് അത്തരം ഷോകള്‍ കൂടുതലും സംഘടിപ്പിക്കപ്പെടാറെന്ന് മാത്രം. എന്നാല്‍ റിലീസ് ദിനത്തിലെ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് തമിഴ്നാട്ടില്‍ ഇപ്പോള്‍ അനുമതിയില്ല. ക്രമസമാധാനം ചൂണ്ടിക്കാട്ടിയാണ് ഈ അനുമതി നിഷേധിക്കല്‍. രാവിലെ 9 മണിക്ക് മാത്രമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ ആദ്യ ഷോകള്‍ നടത്താനാവുക. വിജയ് നായകനാവുന്ന പുതിയ ചിത്രം ലിയോയുടെ കാര്യത്തിലും അതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഇതിനെ മറികടക്കാന്‍ വിതരണക്കാരും തിയറ്റര്‍ ഉടമകളും ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതില്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ വരുകയാണ്.
റിലീസ് ദിനത്തിലെ പുലര്‍ച്ചെയുള്ള ഷോകള്‍ സാധിക്കാത്തതിലുള്ള ആരാധകരുടെ നിരാശ മറികടക്കാന്‍ തലേദിവസം വൈകിട്ടും രാത്രിയും സ്പെഷല്‍ ഷോകള്‍ നടത്താനാണ് ആലോചന നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതായത് ഒക്ടോബര്‍ 18 ന് വൈകിട്ടും രാത്രിയും. അയല്‍ സംസ്ഥാനമായ കേരളത്തില്‍ പുലര്‍ച്ചെ നാലിനും മറ്റും വിജയ് ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ നടക്കുമ്പോള്‍ തങ്ങള്‍ക്ക് രാവിലെ 9 ന് മാത്രമേ ചിത്രം കാണാനാവൂ എന്നത് അവിടുത്തെ ആരാധകരെ ഒട്ടൊന്നുമല്ല നിരാശരാക്കിയിരുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരള സെന്‍ററുകളില്‍ ഇത്തരം ഷോകള്‍ക്ക് തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്രപ്രേമികളും എത്താറുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടില്‍ ലിയോ തലേന്ന് പ്രദര്‍ശിപ്പിക്കാനുള്ള ആലോചനകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില തിയറ്റര്‍ ഉടമകള്‍ തന്നെ അക്കാര്യം അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈയിലെ പ്രധാന തിയറ്ററുകളിലൊന്നായ വെട്രി തിയറ്റേഴ്സിന്റെ ഉടമ രാകേഷ് ഗൗതമന്‍ ഇക്കാര്യം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിലീസിന്റെ തലേന്ന് തമിഴ്നാട്ടില്‍ ലിയോയുടെ പ്രീമിയര്‍ നടന്നേക്കുമെന്നും വൈകിട്ടും രാത്രിയും ഷോകള്‍ നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം കുറിക്കുന്നു. വൈകാതെ നടക്കാനിടയുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും. ഈ പോസ്റ്റ് എക്സില്‍ വലിയ രീതിയില്‍ ആരാധകരാല്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ചില തിയറ്റര്‍ ഉടമകളോട് റിലീസ് തലേന്ന് പെയ്ഡ് പ്രീമിയര്‍ നടത്തുന്നതിനെക്കുറിച്ച് ലിയോ ടീം ആലോചിച്ചിട്ടുണ്ടെന്ന് അനലിസ്റ്റ് ആയ അമുത ഭാരതിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ലെന്നും അദ്ദേഹം അറിയിക്കുന്നു. അതേസമയം തമിഴ്നാട്ടിലെ വിജയ് ആരാധകര്‍ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക