ചെന്നൈയെ തകര്‍ത്ത് ഭോജ്‍പുരി സിനിമാ താരങ്ങള്‍, മികച്ച ബാറ്റ്‍സ്‍മാൻ വിഷ്‍ണു വിശാല്‍

ഭോജ്‍പുരിയുടെ മനോജ് തിവാരി മാൻ ഓഫ് ദ മാച്ചായപ്പോള്‍ വിഷ്‍ണു വിശാലാണ് മികച്ച ബാറ്റ്‍സ്‍മാൻ.

Celebrity Cricket League 2023 Bhojpuri Dabanggs beat Chennai Chennai Rhinos by 9 wickets hrk

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഭോജ്‍പുരി ദബാങ്‍സിന് രണ്ടാം വിജയം. ചെന്നൈ റൈനോസിനെതിരെ ഇന്ന് ഭോജ്‍പുരി ദബാങ്‍സ് ഒമ്പത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. അവസാന സ്‍പെല്ലില്‍ ഭോജ്‍പുരിയെ വിജയത്തിലേക്കെത്തിച്ച ക്യാപ്റ്റൻ മനോജ് തിവാരിയാണ് മാൻ ഓഫ് ദ മാച്ച്. ചെന്നൈ റൈനോസിന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ വിഷ്‍ണു വിശാല്‍ മികച്ച ബാറ്റ്‍സ്‍മാനായും ഭോജ്‍പുരിയുടെ ആദിത്യ ഓജ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.

പത്ത് ഓവര്‍ വീതമുള്ള നാല് സ്‍പെല്ലുകളായിട്ടാണ് സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം നടക്കുന്നത്. ടോസ് നേടിയ ചെന്നൈ റൈനോസ് ക്യാപ്റ്റൻ ആര്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സ്‍പെല്ലില്‍ ചൈന്നൈ റൈനോസ് 10 ഓവറില്‍ 107 റണ്‍സാണ് എടുത്തത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈ റൈനോസിന് നഷ്‍ടമായത്. ഓപ്പണിംഗ് ബാറ്റ്‍സ്‍മാൻമാരില്‍ വിക്രാന്ത് മൂന്ന് പന്തില്‍ നാല് റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ രമണ 26 പന്തുകളില്‍ 50 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. രണ്ട് പന്തില്‍ റണ്‍സൊന്നുമെടുക്കാതിരുന്ന അശോക് സെല്‍വനെ മനോജ് തിവാരി വിക്കറ്റിനു മുന്നില്‍ കുടുക്കി. വിഷ്‍ണു 19 പന്തില്‍ 27 റണ്‍സ് എടുത്തു. ശന്തനു 10 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭോജ്‍പുരിക്കായി മനോജ് തിവാരി 12 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉദയ് തിവാരി 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഭോജ്‍പുരി തകര്‍പ്പൻ പ്രകടനം നടത്തിയപ്പോള്‍ സ്‍കോര്‍ 134 റണ്‍സിലെത്തി. രണ്ട് വിക്കറ്റ് മാത്രമാണ് നഷ്‍ടമായത്. 31 പന്തില്‍ 69 റണ്‍സെടുത്ത ആദിത്യ ഓജയുടെ ബാറ്റിംഗാണ് ഭോജ്‍പുരിയുടെ സ്‍കോറില്‍ നിര്‍ണായകമായത്.  ഓപ്പണിംഗ് ബാറ്റ്‍സ്‍‍മാനായി ഇറങ്ങിയ ആദിത്യ ഓജ പുറത്താകാതെ നില്‍ക്കുകയും ചെയ്‍തു. 10 പന്തില്‍ 18 റണ്‍സെടുത്ത പര്‍വേശ് യാദവിനെ ദശരഥൻ ക്ലീൻ ബൗള്‍ഡാക്കി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത അൻഷുമാൻ സിംഗിനെ അശോകിന്റെ പന്തില്‍ ക്യാച്ച് എടുത്ത് കലൈ പുറത്താക്കുകയായിരുന്നു. അസ്‍ഗര്‍ ഖാൻ 12 പന്തില്‍ 25 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.  ചൈന്നൈക്കായി ദശരഥൻ രണ്ട് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് എടുത്തതെങ്കില്‍ അശോക് സെല്‍വൻ വിക്കറ്റ് സ്വന്തമാക്കിയത് രണ്ട് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്താണ്.

രണ്ടാം സ്‍പെല്ലില്‍ ബാറ്റിംഗിറങ്ങിയപ്പോള്‍ ചെന്നൈ റൈനോസിന് കരുത്തായത് വിഷ്‍ണു വിശാലിന്റെ ബാറ്റിംഗാണ്. 35 പന്തില്‍ 68 റണ്‍സെടുത്താണ് റൈനോസ് ബാറ്റിംഗിന്റെ നെടുംതൂണായി വിഷ്‍ണു മാറിയത്. 13 പന്തില്‍ 19 റണ്‍സെടുത്ത പൃഥ്വിയും മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായിി ശന്തനുവും പുറത്തായി. നാല് പന്തില്‍ നാല് റണ്‍സെടുത്ത ദശരഥൻ റണ്‍ ഔട്ടാകുകയായിരുന്നു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സെടുത്ത് ശന്തനു പുറത്തായി.  നാല് പന്തില്‍ ആറ് റണ്‍സെടുത്ത രമണയും ഒരു പന്തില്‍ റണ്‍സൊന്നുമെടുക്കാതെ കലൈയും പുറത്താകാതെ നിന്നു. നിശ്ചിത 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 106 റണ്‍സ് ആണ് ചെന്നൈ റൈനോസ് രണ്ടാം സ്‍പെല്ലില്‍ നേടിയത്. ഭോജ്‍പുരിക്കായി രണ്ട് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ആദിത്യ ഓജ രണ്ട് വിക്കറ്റെടുത്തപ്പോള്‍ പര്‍വേശ് യാദവ് രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. 60 പന്തില്‍ 80 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിട്ടാണ് ഭോജ്‍പുരി ദബാങ്‍സ് മറുപടി ബാറ്റിംഗിനിറങ്ങിയത്. ക്യാപ്റ്റൻ മനോജ് തിവാരി 23 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഭോജ്‍പുരിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അസ്‍ഗര്‍ ഖാൻ പുറത്താകാതെ ഒമ്പത് പന്തില്‍ നിന്ന് 18 റണ്‍സ് എടുത്തു. ഉദയ് തിവാരി 13 പന്തില്‍ 14 റണ്‍സെടുത്തു പുറത്തായി. കേവലം 7.3 ഓവറിലാണ് ഭോജ്‍പുരി വിജയ ലക്ഷ്യം കണ്ടത്. ചെന്നൈക്കായി മിര്‍ച്ചി ശിവ രണ്ട് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

നടൻ ആര്യ നയിച്ച ചൈന്നൈ റൈനോസില്‍ കലൈ അരശൻ, ഭരത്, വിഷ്‍ണു വിശാല്‍, വിക്രാന്ത്, ശന്തനു, പൃഥ്വി, അശോക് സെല്‍വൻ, മിര്‍ച്ചി ശിവ, ദശരഥൻ, രമണ എന്നിവര്‍ അണിനിരന്നു. ഭോജ്‍പുരി ദബാങ്‍സില്‍ മനോജ് തിവാരിയുടെ ക്യാപ്റ്റൻസിയില്‍ ദിനേഷ് യാദവ്, പര്‍വേശ് യാദവ്, വിക്രാന്ത് സിംഗ്, ഉദയ് തിവാരി, ആദിത്യ ഓജ, അൻഷുമാൻ സിംഗ്, അയാസ് ഖാൻ, അസ്‍ഗര്‍ ഖാൻ, ജയ് യാദവ്, രാഘവ് നെയ്യാര്‍ എന്നിവരുമായിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ റൈനോസ് മുംബൈ ഹീറോസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദബാങ്‍സ് പഞ്ചാബ് ദേ ഷേറിനെ 25 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

Read More: പുതിയ തുടക്കമെന്ന് പൃഥ്വിരാജ്, സസ്‍പെൻസ് എന്തെന്ന് അന്വേഷിച്ച് ആരാധകരും

Latest Videos
Follow Us:
Download App:
  • android
  • ios