CBI 5 Title Announcement : 'അയ്യരു'ടെ അഞ്ചാം വരവ്; സിനിമയുടെ പേര് നാളെ പ്രഖ്യാപിക്കും
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് ചിത്രമെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞിരിക്കുന്നത്
മമ്മൂട്ടി (Mammootty) സിബിഐ അന്വേഷണോദ്യോഗസ്ഥന്‍ സേതുരാമയ്യരായി വീണ്ടും എത്തുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഷന്‍ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക. വീഡിയോയുടെ പ്രീമിയര്‍ ലിങ്ക് സൈന മൂവീസ് ഇതിനകം ചാനലില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) പേര് എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകര്‍ ചോദിക്കുന്ന കാര്യമാണ്. സിരീസിലെ അഞ്ചാം ചിത്രമായതിനാല്‍ സിബിഐ 5 എന്നാണ് ഈ പ്രോജക്റ്റ് ഇതുവരെ അറിയപ്പെട്ടത്.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കഥാപാത്രത്തിന്‍റെ ഒരു സ്റ്റില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും അഞ്ചാം വരവിലെ സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കിനായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍.
Valimai Box Office: അജിത്തിന്റെ 'വലിമൈ'ക്ക് ഗംഭീര ഓപ്പണിംഗ്; ആദ്യദിനം നേടിയത്
അതേസമയം മറ്റു മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി പുറത്തുവരാനുണ്ട്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് അവ. ഇതില്‍ ആദ്യം പുറത്തെത്തുക ഭീഷ്മ പര്‍വ്വമാണ്. മാര്‍ച്ച് 3 ആണ് റിലീസ് തീയതി. ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അതേസമയം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പുഴു. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ്. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു.