CBI 5 : 'മമ്മൂട്ടി നന്നായി പക്ഷേ'; സിബിഐ 5ലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി എന്‍ എസ് മാധവന്‍
ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്
മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയവയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിബിഐ 5 (CBI 5). മലയാളത്തിലെ ജനപ്രിയ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമെന്ന അപൂര്‍വ്വതയുമായെത്തിയ ചിത്രത്തെക്കുറിച്ച് പക്ഷേ സമ്മിശ്രാഭിപ്രായങ്ങളാണ് റിലീസിനു ശേഷം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷമുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ (NS Madhavan). നെറ്റ്ഫ്ലിക്സില്‍ നിന്നാണ് അദ്ദേഹം ചിത്രം കണ്ടത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.
മമ്മൂട്ടി നന്നായെന്നും എന്നാല്‍ ചിത്രത്തിന്‍റെ കഥയില്‍ വലിയ പഴുതുകള്‍ ഉണ്ടെന്നും എൻ എസ് മാധവന്‍ പറയുന്നു. നെറ്റ്ഫ്ലിക്സിലൂടെ സിബിഐ 5 ദ് ബ്രെയിന്‍ കണ്ടു. മമ്മൂട്ടി നന്നായി. പക്ഷേ ചിത്രത്തിന് പ്രശ്നങ്ങളുണ്ട്, വലിയവ തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെ ഒട്ടും ഗൌരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നത്, എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. അതേസമയം മാധവന്‍ ഉന്നയിക്കുന്ന പോയിന്റിന് തിരുത്തലുമായും ട്വീറ്റിനു താഴെ ആളുകള്‍ എത്തുന്നുണ്ട്. വിമാനത്തിനുള്ളില്‍ ബ്ലൂ ടൂത്ത് ഡിവൈസുകള്‍ ഉപയോഗിക്കാമെന്നിരിക്കെ അവയുപയോഗിച്ച് പെയറിംഗ് നടത്താന്‍ സാധിക്കും എന്നതാണ് പലരും ഉന്നയിക്കുന്ന കാര്യം.
ചിത്രത്തിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് കെ മധു പറഞ്ഞത്
മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്. ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നത്.
ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്. ഇപ്പോഴും ഈ സിനിമക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. അത് എവിടെയോ തച്ചുടക്കാന്‍, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു.
അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ജഗതി ശ്രീകുമാറിനെ പറ്റി പറയാതിരിക്കാൻ സാധിക്കില്ല. അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തിൽ അഭിനയിച്ചു. ഒരുപാട് പേരുടെ പ്രാർഥന ഈ സിനിമയിലുണ്ട്.