‘ബൊമ്മി‘യുടെ ബേക്കറിക്ക് 25 വയസ്സ്; സന്തോഷം പങ്കുവച്ച് ക്യാപ്റ്റന്‍ ഗോപിനാഥ് !
സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്‍റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് ട്വീറ്റിലൂടെ.
സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. ബൊമ്മിയുടെ ബേക്കറിയെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
അസാധ്യമെന്ന് തോന്നിപ്പിക്കുന്ന വലിയ സ്വപ്നത്തിന് പിന്നാലെയുള്ള ക്യാപ്റ്റന്‍ ഗോപിനാഥന്‍റെ യാത്രയിലുടനീളം താങ്ങായി നിന്നത് ഭാര്യ ഭാര്‍ഗവി ഗോപിനാഥാണ്(ബൊമ്മി). ‘ബണ്‍ വേള്‍ഡ് അയ്യങ്കാര്‍ ബേക്കറി‘ എന്ന പേരില്‍ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരംഭമായി കൊണ്ടുവന്ന ഭാര്‍ഗവി, ഗോപിനാഥിന്‍റെ ജീവിതത്തില്‍ പകര്‍ന്ന കരുത്ത് ചെറുതൊന്നുമല്ല.
ബണ്‍വേള്‍ഡ് എന്ന ബേക്കറി 25 വയസായെന്ന് അറിയിക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷം അറിയിച്ചത്. സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്‍റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് ട്വീറ്റിലൂടെ.
കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.