ഷാരൂഖിന്‍റെ ഡങ്കിയുടെ ബജറ്റ് കേട്ട് ഞെട്ടി ബോളിവുഡ്: കാരണം കൂടിയതല്ല, കുറഞ്ഞത്.!
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഷാരൂഖിന്‍റെ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ് ഡങ്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
മുംബൈ: ഈ വര്‍ഷത്തെ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഡങ്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡങ്കി ക്രിസ്മസ് പുതുവത്സര സീസണ്‍ ലക്ഷ്യമാക്കി ഡിസംബര്‍ 21നാണ് റിലീസാകുന്ന്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഷാരൂഖിന്‍റെ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ് ഡങ്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഡങ്കി ബോളിവുഡിലെ സ്റ്റാര്‍ ഡയറക്ടര്‍ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്തിരിക്കുന്നത് 85 കോടി രൂപ ബജറ്റിലാണ്. ഷാരൂഖ് ഖാൻ, തപ്‌സി പന്നു, വിക്കി കൗശൽ, രാജ്കുമാർ ഹിരാനി എന്നിവരുടെ ശമ്പളം ഉൾപ്പെടുന്നില്ല ഇതില്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഷാരൂഖ് ഖാനും, ഹിരാനിക്കും പ്രൊഫിറ്റ് ഷെയര്‍ മോഡലിലാണ് ശമ്പളം നല്‍കുന്നത്. അതിന് പുറമേയുള്ള താരങ്ങളുടെ ശമ്പളവും പബ്ലിസിറ്റിയും ഉൾപ്പെടെ ഏകദേശം 120 കോടി രൂപയാണ് ഡങ്കിയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഷാരൂഖിന്റെ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ബജറ്റ് ചിത്രമാണ് ഡങ്കിയെന്നാണ് ഇത് പറയുന്നത്. മറ്റൊരു തരത്തില്‍ റബ് നേ ബനാ ദി ജോഡിക്ക് ശേഷമുള്ള ഷാരൂഖിന്‍റെ ഏറ്റവും കുറഞ്ഞ ബജറ്റ് ചിത്രമാണ് ഡങ്കി. വെറും 75 ദിവസം കൊണ്ടാണ് ഡങ്കി ചിത്രീകരണം പൂര്‍ത്തിയാക്കിയത് എന്നാണ് വിവരം. അതിൽ ഷാരൂഖിന് ഷൂട്ടിംഗ് ഉണ്ടായിരുന്നത് 60 ദിവസമാണ്. ജവാനിലും ഡങ്കിയിലും ഷാരൂഖ് ഒരേ സമയത്താണ് അഭിനയിച്ചുകൊണ്ടിരുന്നത്.
മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള കള്‍ട്ട് ചിത്രങ്ങള്‍ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിയുടെ പുതിയ ചിത്രം എന്ന നിലയില്‍ വന്‍ പ്രതീക്ഷാണ് ബോളിവുഡ് ഡങ്കിയില്‍ വയ്ക്കുന്നത്. കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡങ്കി എന്നാണ് കരുതപ്പെടുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗത്തില്‍ നിന്നാണ് രാജ്‍കുമാര്‍ ഹിറാനി സിനിമയുടെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു ഇതിന് പിന്നാലെ ലൂട്ട് പുട്ട് ഗയ എന്ന പേരില്‍ ആദ്യഗാനവും പുറത്ത് എത്തിയിരുന്നു. ഡോങ്കി ഫ്ലൈറ്റ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ഒരു അനധികൃത കുടിയേറ്റ രീതിയുണ്ട്. വിസ നിയമങ്ങള്‍ ശക്തമായ യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ അതിന് സാധിക്കാത്തവരില്‍ ഒരു വിഭാഗം പരീക്ഷിക്കുന്ന, വലിയ റിസ്ക് ഉള്ള മാര്‍ഗമാണ് ഡോങ്കി ഫ്ലൈറ്റ്. ഇതില്‍ നിന്നാണ് ഡങ്കി വന്നത്.
സലാറിനെ മുട്ടാന്‍ വന്‍ നീക്കവുമായി ഷാരൂഖ് ചിത്രം: ഡങ്കിയുടെ വന്‍ അപ്ഡേറ്റ്.!