കസേരയില്‍ നിവര്‍ന്നിരുന്ന് നായകന്‍; മോണോക്രോമില്‍ ഞെട്ടിക്കാന്‍ മമ്മൂട്ടി

പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്

bramayugam mammootty look unveiled in black and white rahul sadasivan td ramakrishnan nsn

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായ താരം മമ്മൂട്ടിയാണ്. കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയതില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒന്ന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഭ്രമയുഗത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ മുഖം മാത്രമുള്ള ലുക്ക് അണിയറക്കാര്‍ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപം അവതരിപ്പിച്ചിരിക്കുകയാണ് ഭ്രമയുഗം ടീം. മമ്മൂട്ടി തന്നെയാണ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

കറ പിടിച്ച പല്ലുകളും നര കയറിയ താടിയും മുടിയുമൊക്കെയായി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ എത്തുന്നത്. ഒരു മുണ്ട് മാത്രം ധരിച്ച് ഒരു മരക്കസേരയില്‍ ഇരിക്കുന്ന കഥാപാത്രം മോതിരവും മാലയും അണിഞ്ഞിട്ടുണ്ട്. പോസ്റ്റര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറക്കിയത് വെറുതെയല്ല, ചിത്രം മൊത്തത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നേരത്തെ ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം.

 

ഒരു ദുര്‍മന്ത്രവാദിയാണ് ഈ കഥാപാത്രമെന്നും നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ആണ് ഛായാ​ഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിം​ഗ് ജോതിഷ് ശങ്കർ.

ALSO READ : മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബേസിലിനെ നായകനാക്കാന്‍ ജീത്തു; ബോളിവുഡ് ചിത്രത്തിന് മുന്‍പ് ഷൂട്ടിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios