'ബ്രഹ്‍മാസ്ത്ര' ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ചു

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്

brahmastra starts streaming on ott disney plus hotstar ranbir kapoor ayan mukerji

ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ അയന്‍ മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര. ഇത് വിജയിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഫ്രാഞ്ചൈസി കാണാനാവും എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നായിരുന്നു. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

ALSO READ : കാന്താരയ്ക്കു പിന്നാലെ മലയാളത്തില്‍ നിന്ന് 'കതിവനൂര്‍ വീരന്‍'; തെയ്യം പശ്ചാത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രം

Latest Videos
Follow Us:
Download App:
  • android
  • ios