നായികയുടെ ബിക്കിനിയുടെ നിറം; ഷാരൂഖിന്‍റെ പഠാന്‍ സിനിമയ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം
ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്
ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ വിജയിച്ചത്. നിര്‍മ്മാതാക്കള്‍ എപ്പോഴും മിനിമം ഗ്യാരന്‍റി കല്‍പ്പിക്കാറുള്ള അക്ഷയ് കുമാറിനു പോലും മുന്‍പത്തെ നിലയിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം.
ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ നായിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനം. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഒരു സീനില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ പ്രചരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലും ട്വീറ്റുകള്‍. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.
ALSO READ : 'മൂന്ന് തവണ കണ്ടു', ഈ വര്‍ഷം ഏറ്റവും ഇഷ്ടമായ ചിത്രം തല്ലുമാലയെന്ന് ലോകേഷ്
ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.