'രജനി വര്‍ഷങ്ങളായി സുഹൃത്താണ്, പക്ഷേ'; പുതിയ ചിത്രം രജനിക്കൊപ്പമെന്ന വാര്‍ത്തയില്‍ ബോണി കപൂറിന്‍റെ പ്രതികരണം
വലിമൈ ആണ് ബോണി കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം
ഫെബ്രുവരി 10-ാം തീയതിയാണ് അണ്ണാത്തെയ്ക്കു ശേഷം രജനീകാന്ത് (Rajinikanth) നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഡോക്ടര്‍, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായ ഈ സിനിമയുടെ സംവിധായകന്‍. ഈ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന സമയത്തുതന്നെ രജനിയുടെ അതിനു ശേഷമുള്ള പ്രോജക്റ്റിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ പുറത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം രജനിയുടെ 170-ാം ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരുണ്‍രാജ കാമരാജ് (Arunraja Kamaraj) ആണ് ഈ ചിത്രം സംവിധാനം ചെയ്യുകയെന്നും വലിമൈ നിര്‍മ്മാതാവ് ബോണി കപൂര്‍ (Boney Kapoor) ആവും ഈ ചിത്രം നിര്‍മ്മിക്കുകയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ഇത്തരത്തിലൊരു പ്രോജക്റ്റിന്‍റെ ഭാഗമാവുകയാണെന്ന വിവരം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോണി കപൂര്‍.
രജനി ഏറെക്കാലമായി തന്‍റെ സുഹൃത്താണെന്നും എന്നാല്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നപക്ഷം അത് നിങ്ങളെ ആദ്യം അറിയിക്കുക താന്‍ തന്നെ ആവുമെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. രജനി ഗാരു വര്‍ഷങ്ങളായി എന്‍റെ സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ കാണാറും ആശയങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്ന കാര്യം ഉറപ്പിക്കുന്ന സമയത്ത് അത് പ്രഖ്യാപിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. അത്തരം ലീക്ക്ഡ് ഐഡിയകളെ നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരില്ല, എന്നാണ് ബോണി കപൂറിന്‍റെ ട്വീറ്റ്.
അതേസമയം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ആരംഭിച്ചേക്കും. 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ഉദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാകാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. പേട്ടയ്ക്കും ദര്‍ബാറിനും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന രജനി ചിത്രമായിരിക്കും ഇത്. ഹാസ്യരസപ്രധാനമായ ഒരു കഥാപാത്രത്തെയാവും രജനീകാന്ത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാവും രജനി അത്തരത്തിലുള്ള ഒരു റോളില്‍ എത്തുന്നത്.
അതേസമയം അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് ബോണി കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രം. നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാവും വലിമൈ. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. എന്നൈ അറിന്താലിനു ശേഷമുള്ള അജിത്തിന്‍റെ പൊലീസ് വേഷമാണ് ഇത്.
'ബാഡ്' അല്ല, '13 എ ഡി'; അമല്‍ നീരദിന്‍റെ ട്രിബ്യൂട്ട് കൊച്ചിയിലെ പഴയ റോക്ക് ബാന്‍ഡിന്