Bigg Boss : 'മലയാളത്തില്‍ പറയെടാ', റിയാസ് സലീമിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിൻ

ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ടേയിരുന്ന റിയാസ് സലീമിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിൻ (Bigg Boss).

 

Bigg Boss Malayalam Season 4 conflict between Dr Robin Radhakrishnan and Riyas

ബിഗ് ബോസില്‍ പുതിയ വീക്ക്‍ലി ടാസ്‍കിന് ഇന്ന് തുടക്കമായി. അടുത്ത ആഴ്‍ചത്തെ ക്യാപ്റ്റൻസി ടാസ്‍കില്‍ മത്സരിക്കാൻ അവസരം ലഭിക്കുമെന്നതിനാല്‍ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നാണയവേട്ട എന്നതാണ് ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക്. വീക്ക്‍ലി ടാസ്‍ക് പുരോഗമിക്കുന്നതിനിടയില്‍ റിയാസ് സലിമും ഡോ. റോബിനും രൂക്ഷമായ വാക്ക് തര്‍ക്കവുമുണ്ടായി (Bigg Boss).

ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്നതായിരുന്നു വീക്ക്‍ലി ടാസ്‍ക്. ഓരോ ഘട്ടത്തിലും ഏറ്റവും പോയന്റുകള്‍ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും. അറിയിപ്പ് കിട്ടുമ്പോള്‍ ഏറ്റവും പോയന്റുകള്‍ കൈവശമുള്ളയാളാകും വിജയി. അയാള്‍ക്ക് മത്സരത്തില്‍ നിന്ന് ഒരാളെ പുറത്താക്കാൻ അവസരമുണ്ടാകും. പുറത്തായ ആള്‍ക്ക് തന്റെ കോയിനുകള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്‍ക്കുകയും ചെയ്യാം. ജാസ്‍മിനായിരുന്നു ആദ്യ വിജയി. ജാസ്‍മിൻ ആദ്യം പുറത്താക്കിയതാകട്ടെ ബ്ലസ്‍ലിയെയും. ബ്ലസ്‍ലി പിന്തുണച്ചതാകട്ടെ റോബിനെയും. രണ്ടാം ഘട്ടത്തിലും വിജയിയാത് ജാസ്‍മിൻ തന്നെയായിരുന്നു. ഇത്തവണ ആരെ പുറത്താക്കണം എന്ന തീരുമാനം എടുക്കുന്നതിന് മുന്നേ ജാസ്‍മിൻ ഒരു സംശയം ഉന്നയിച്ചു.

ബ്ലസ്‍ലി പിന്തുണച്ച ആളെ പുറത്താക്കിയാല്‍ എങ്ങനെയായിരിക്കും മത്സരം എന്നായിരുന്നു ജാസ്‍മിന് അറിയേണ്ടിയിരുന്നത്. ബ്ലസ്‍ലി പൂര്‍ണമായും മത്സരത്തില്‍ നിന്ന് പുറത്താകില്ലേ എന്നായിരുന്നു ചോദ്യം. ആ സംശയത്തിന് ഉത്തരം കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു ഡോ. റോബിനും റിയാസും തമ്മില്‍ തര്‍ക്കമുണ്ടായത്. റിയാസ് ഇംഗ്ലീഷ് പറയുന്നത് കേട്ട ബ്ലസ്‍ലി ക്യാപ്റ്റൻ എന്ന നിലയില്‍ ഉപദേശിച്ചു. ബ്രോ മലയാളത്തില്‍ പറയണം എന്ന് ദില്‍ഷയോടും റിയാസിനോടും ആയി ബ്ലസ്‍ലി പറഞ്ഞു. താൻ എന്തു പറയണമെന്നത് തനിക്ക് അറിയാം എന്ന് റിയാസ് വീണ്ടും ഇംഗ്ലീഷില്‍ പറഞ്ഞു.

അപ്പോഴായിരുന്നു ഡോ. റോബിൻ റിയാസിനോട് പൊട്ടിത്തെറിച്ചത്. മലയാളത്തില്‍ പറയെടാ എന്ന് ഡോ. റോബിൻ റിയാസിനോട് കയര്‍ത്തു. നീ കൊല്ലംകാരനല്ലടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേടാ എന്ന് റോബിൻ പറഞ്ഞു. കുറെ സമയമായി ഇംഗ്ലീഷില്‍ പറയുന്നു. ഷോ കാണിക്കുന്നു. അറിയാത്ത ഇംഗ്ലീഷില്‍ പറയുന്നു. ഇംഗ്ലീഷ് ബിഗ് ബോസില്‍ പോകൂ എന്നും ഡോ റോബിൻ റിയാസിനോടായി പറഞ്ഞു. മലയാളത്തില്‍ കൂട്ടിവായ്‍ക്കാൻ അറിയാത്ത ആളാണ് ഡോ. റോബിൻ എന്ന് റിയാസ് പറഞ്ഞു. എന്നിട്ടാണ് തന്നോട് മലയാളം പറയാൻ പറയുന്നത് എന്നും റിയാസ് വ്യക്തമാക്കി. ഇപ്പോള്‍ റിയാസ് മലയാളത്തില്‍ പറയുന്നുണ്ടല്ലോ എന്ന് ഡോ. റോബിൻ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിൻ ഇടപെട്ട ജാസ്‍മിനോടും ഡോ. റോബിൻ തട്ടിക്കയറി. തരത്തിലുള്ള ആളോട് ഏറ്റുമുട്ടൂ എന്നായിരുന്നു റോബിൻ പറഞ്ഞത്. ഒടുവില്‍ ബ്ലസ്‍ലി തന്നെ ഇടപെട്ട് പ്രശ്‍നങ്ങള്‍ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.

ഇന്നത്തെ മത്സരം ഇങ്ങനെ

ആദ്യ ഘട്ടത്തില്‍ ഓരോരുത്തരും സമ്പാദിച്ച പോയന്റുകള്‍

അഖില്‍- 294
ധന്യ- 316
ദില്‍ഷ- 453
സൂരജ്- 213
വിനയ്- 174
റോബിൻ- 143
റിയാസ്-  304
ജാസ്‍മിൻ- 471
ബ്ലസ്‍ലി- 117
ലക്ഷ്‍മി പ്രിയ- 208
റോണ്‍സണ്‍- 46
സുചിത്ര - 344

ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിച്ച ജാസ്‍മിൻ തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ചു. ബ്ലസ്‍ലിയെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്ലസ്‍ലി പ്രതികാരം കാട്ടുന്നു. ക്യാപ്റ്റൻ എന്ന അധികാരം ദുര്‍വിനിയോഗം ചെയ്‍തു.  അതിനാല്‍ അടുത്ത ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് വരാൻ യോഗ്യനല്ല എന്നതാണ് പറഞ്ഞ കാരണം.  ബ്ലസ്‍ലി തനിക്ക് കിട്ടിയ പോയന്റുകള്‍ റോണ്‍സണ് നല്‍കി. റോബിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നു എന്ന് ബ്ലസ്‍ലി വ്യക്തമാക്കി.

രണ്ടാം ഘട്ടത്തിലെ പോയന്റുനില

അഖില്‍- 345
ധന്യ- 368
ദില്‍ഷ- 547
സൂരജ്- 245
വിനയ്- 226
റോബിൻ- 363
റിയാസ്- 371
ജാസ്‍മിൻ- 594
ലക്ഷ്‍മി പ്രിയ- 273
റോണ്‍സണ്‍- 193
സുചിത്ര- 515

ഡോ. റോബിനെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി ജാസ്‍മിൻ പ്രഖ്യാപിച്ചു. അതിനാല്‍ റോബിനെ പുന്തുണച്ച ബ്ലസ്‍ലി ടാസ്‍കില്‍ നിന്ന് പൂര്‍ണമായി പുറത്താകുകയും ചെയ്‍തു. റോബിൻ തന്റെ പോയന്റുകള്‍ ദില്‍ഷയ്‍ക്കാണ് കൈമാറിയത്. സൂരജിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നുവെന്ന് ഡോ. റോബിൻ അറിയിച്ചതോടെ ഇന്നത്തെ ടാസ്‍ക് അവസാനിച്ചതായി ബിഗ് ബോസ് വ്യക്തമാക്കി.

Read More : ബിഗ് ബോസില്‍ നാണയവേട്ട തുടങ്ങി, ബ്ലസ്‍ലിയെയും റോബിനെയും ജാസ്‍മിൻ പുറത്താക്കി

Latest Videos
Follow Us:
Download App:
  • android
  • ios