Babu Antony: പ്രണിലിന്‍റെ 26 വർഷത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമാകുന്നു, ആരാധകന് മറുപടിയുമായി ബാബു ആന്റണി
പതിനൊന്നാമത്തെ വയസ് മുതലുള്ള പ്രണിലിന്റെ ആഗ്രഹമാണ് ബാബു ആന്റണിയെ കാണുക എന്നുള്ളത്.
കണ്ണൂർ പെരളശ്ശേരി സ്വദേശിയായ കെ വിപ്രണിലിന് ഇത് സ്വപ്‍ന നിമിഷമാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു മറുപടി. അതിന്‍റെ ഞെട്ടൽ മാറിയിട്ടുമില്ല. 37കാരനായ പ്രണിൽ ബാബു ആന്‍റണിയുടെ കട്ട ഫാനാണ്. ഊണിലും ഉറക്കത്തിലും ബാബു ആന്‍റണിയും നീളൻ മുടിയും ആക്ഷൻ രംഗങ്ങളുമൊക്കെയാകും മനസിലുണ്ടാവുക.
പതിനൊന്നാം വയസിൽ തുടങ്ങിയ ഇഷ്‍ടമാണ്. 'ചന്ത'യും 'കമ്പോള'വും 'ഉപ്പുകണ്ടം ബ്രദേഴ്‍സു'മൊക്കെ കണ്ട് ഇഷ്‍ടം ആരാധനയോളമായി. എങ്ങനെയെങ്കിലും ബാബു ആന്‍റണിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു.
എങ്ങനെ കാണാൻ ?
ആ ആഗ്രഹം മനസിലൊതുക്കി. അതിനിടെ പെരളശ്ശേരിയിൽ കംപ്യൂട്ടർ സെന്‍റർ തുടങ്ങി. പ്രായം 37ലെത്തി. ജീവിതത്തിൽ മാറ്റങ്ങൾ പലത് വന്നു. അപ്പോഴും ബാബു ആന്‍ണിയോടുള്ള ഇഷ്‍ടം മാത്രം കുറഞ്ഞില്ല. അങ്ങനെയിരിക്കെയാണ് സിനിമാ ഫീൽഡിലുള്ള ഒരു സുഹൃത്തിൽനിന്ന് ഇഷ്‍ടതാരത്തിന്‍റെ നമ്പർ സംഘടിപ്പിക്കുന്നത്. ഒരു വർഷം ഫോണിന്‍റെ കോൺടാക്സ് ലിസ്റ്റിൽ നമ്പർ കിടന്നു. വിളിക്കാൻ മടിച്ചു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി ബാബു ആന്‍റണിക്ക് പ്രണിൽ വാട്‍സ്ആപ്പിൽ മെസേജ് അയച്ചത്. ''ബാബു സാറിനെ ഒന്ന് കാണാൻ പറ്റുമോ ? ഒരു ഓട്ടോഗ്രാഫ് കിട്ടുമോ ? 11 ആമത്തെ വയസ് മുതലുള്ള ആഗ്രഹമാണ്. വന്നോട്ടെയെന്ന്..''
ഈ മെസേജിന് മറുപടി കിട്ടുമെന്ന് പ്രണിൽ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതിനിടെ യാദൃശ്ചികമായി ഫേസ് ബുക്ക് എടുത്ത് നോക്കിയപ്പോഴാണ് തന്‍റെ വാട്‍സ് ആപ്പ് മെസേജിന്‍റെ സ്ക്രീൻ ഷോട്ട് ബാബു ആന്‍റണിയുടെ പേജിൽ കാണുന്നത്. കാലത്തിനും സമയത്തിനും അപ്പുറമായ സ്നേഹമാണ് ഇതെന്നുകൂടി സ്ക്രീൻ ഷോട്ടിനൊപ്പമെഴുതി ബാബു ആന്‍റണി. ഒരിക്കൽ നേരിട്ട് കാണാമെന്നും താരത്തിന്‍റെ ഉറപ്പ്. ആ ദിവസത്തിനായാണ് ഇനി പ്രണിലിന്‍റെ കാത്തിരിപ്പ്. പ്രണിലിനെ പോലെ ബാബു ആന്റണിയെ കാണാൻ ഒട്ടേറെ ആരാധകരാണ് കാത്തിരിക്കുന്നത്. താരത്തെ ഒന്ന് കാണണം എന്ന ആവശ്യവുമായി ഒട്ടേറെ കമന്റുകളാണ് ബാബു ആന്റണിയുടെ ഫേസ്‍ബുക്ക് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്റ്റാര്‍' എന്ന ചിത്രമാണ് ബാബു ആന്റണിയുടേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. ബാബു ആന്‍റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.
ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും 'പവർസ്റ്റാർ' എന്ന് ഒമർ ലുലു പറഞ്ഞിരുന്നു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ: മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്‍മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഒ പ്രതീഷ് ശേഖർ.