Bheeman Raghu|'ചാണ', നടൻ ഭീമൻ രഘു സംവിധായകനാകുന്നു
'ചാണ' എന്ന സിനിമയാണ് ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്നത്.
വില്ലൻ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് ഭീമൻ രഘു (Bheeman Raghu). ജയന്റെ മരണശേഷം രൂപ സാദൃശ്യമുള്ള നടൻ എന്ന നിലയിലായിരുന്നു ഭീമൻ രഘു വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാല്‍ ആദ്യകാല ചിത്രങ്ങള്‍ക്ക് ശേഷം വില്ലൻ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു ഭീമൻ രഘു. ഇപോഴിതാ ഭീമൻ രഘു സംവിധായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
'ചാണ' എന്ന സിനിമയാണ് ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്നത്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ഭീമൻ രഘുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനൻ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ചാണ' നിര്‍മിക്കുന്നത്. 'ഭീമൻ' എന്ന ചിത്രത്തിലൂടെയായിരുന്നു രഘു ആദ്യം നായകനായത്. ആദ്യമായി നായകനായ ചിത്രത്തിന്റെ പേര് തന്നെ ഭീമൻ രഘു സ്വീകരിക്കുകയായിരുന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ വില്ലൻ കഥാപാത്രമായി നിറഞ്ഞുനിന്നിരുന്നു ഭീമൻ രഘു.
രഘു ദാമോദരനെന്ന ഭീമൻ രഘു പൊലീസ് ഇൻസ്‍പെക്ടറായിരുന്നു. ബെൻ ജോണ്‍സണെ'ന്ന ചിത്രത്തില്‍ ഭീമൻ രഘുവായിട്ട് അഭിനയിച്ചിട്ടുണ്ട്. മോഹൻലാല്‍ അടക്കമുള്ളവരുടെ നായക കഥാപാത്രങ്ങളുടെ വില്ലനായി ഒട്ടറെ തവണ വേഷമിട്ടു. ഒരിടക്കാലത്ത് മലയാള സിനിമയില്‍ വില്ലൻ കഥാപാത്രങ്ങള്‍ കുറഞ്ഞപ്പോള്‍ ഭീമൻ രഘു കോമഡി വേഷങ്ങളിലേക്കും മാറിയിരുന്നു.