'ഈ മാജിക് ലോകം കാണുന്നതിനായുള്ള കാത്തിരിപ്പ്'; 'കാന്ത'യെക്കുറിച്ച് നായിക
ലക്കി ഭാസ്‍കര്‍ പോലെ മറ്റൊരു കാലം കഥാപശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇതും
ലക്കി ഭാസ്‍കര്‍ എന്ന കരിയറിലെ ഏറ്റവും വലിയ വിജയം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. കരിയറിലെ ആദ്യ 100 കോടി ചിത്രം പാന്‍ ഇന്ത്യന്‍ അപ്പീല്‍ നേടിയ ഒരു തെലുങ്ക് ചിത്രത്തിലൂടെയായി എന്നത് ആ വിജയത്തിന്‍റെ മധുരം ഇരട്ടിയാക്കുന്നു. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും മറുഭാഷയില്‍ നിന്നാണ്. തമിഴില്‍ നിന്നെത്തുന്ന, സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത എന്ന ചിത്രമാണ് അത്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ ഭാഗ്യശ്രീ ബോര്‍സെ.
ഒപ്പം ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകളും ചുരുക്കം വാക്കുകളില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്. "ഞങ്ങളുടെ ചിത്രം കാന്തയുടെ മാജിക് ലോകം അനുഭവിക്കുന്നതിനായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം, എന്‍റെ ഏറ്റവും പ്രിയങ്കരനായ ദുല്‍ഖറിനൊപ്പം", എന്നാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഭാഗ്യശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍. ലക്കി ഭാസ്‍കര്‍ പോലെ മറ്റൊരു കാലത്ത് നിന്ന് കഥ പറയുന്ന ചിത്രമായിരിക്കും ഇതും.
അതേസമയം തെലുങ്കില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ദുല്‍ഖറിന്‍റേതായി വരാനുണ്ട്. ആകാശം ലോ ഒക താര എന്ന ചിത്രമാണിത്. പവൻ സാദിനേനിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം