ചിരിയുണ്ട്, വലിയ സന്ദേശമുണ്ട് 'ഭഗവാൻ ദാസന്‍റെ രാമരാജ്യത്തില്‍'- റിവ്യൂ
വണ്ണാത്തികാവ് എന്ന സാങ്കല്‍പ്പികമായ ഗ്രാമമാണ് 'ഭഗവാൻ ദാസന്‍റെ രാമരാജ്യത്തിന്‍റെ' പാശ്ചാത്തലം. ശ്രീരാമനും, സീതയും, ഹനുമാനും പ്രതിഷ്ഠയായ അവിടുത്തെ ക്ഷേത്രത്തിലെ അഞ്ച് ദിവസത്തെ ഉത്സവം ആ നാടിന്‍റെ ആഘോഷമാണ്.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ഭഗവാൻ ദാസന്റെ രാമരാജ്യം'. റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ചിത്രം ഒടുവില്‍ തീയറ്ററില്‍ എത്തിയിരിക്കുകയാണ്. മനുഷ്യന്‍ മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെടുന്ന കാലത്ത് വളരെ ശക്തമായ ഒരു പ്രമേയമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. അത് പ്രേക്ഷകന് രസിക്കുന്ന രീതിയില്‍ നര്‍മ്മവും വൈകാരികതയും ഒത്തിണങ്ങിയ രീതില്‍ അവതരിപ്പിക്കാന്‍ സംവിധായകനും സംഘത്തിനും സാധിച്ചിട്ടുണ്ട് എന്നതാണ് 'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
വണ്ണാത്തികാവ് എന്ന സാങ്കല്‍പ്പികമായ ഗ്രാമമാണ് 'ഭഗവാൻ ദാസന്‍റെ രാമരാജ്യത്തിന്‍റെ' പാശ്ചാത്തലം. ശ്രീരാമനും, സീതയും, ഹനുമാനും പ്രതിഷ്ഠയായ അവിടുത്തെ ക്ഷേത്രത്തിലെ അഞ്ച് ദിവസത്തെ ഉത്സവം ആ നാടിന്‍റെ ആഘോഷമാണ്. നാട്ടുകാരിലെ കുട്ടികളും മുതിര്‍ന്നവരും നോമ്പെടുത്ത് രാമന്‍റെ 'വാനര സേനയായി' മാറുന്ന ദിനങ്ങള്‍. അത്തരം ഒരു ഉത്സവകാലത്തിലേക്ക് ആ നാടിന്‍റെ അഭിമാനം ഉയര്‍ത്തിയ ഒരു കലാകാരന് ആദരം അര്‍പ്പിക്കാന്‍ പഴയകാല നാടക പ്രവര്‍ത്തകന്‍ ഭഗവാൻ ദാസനും കൂട്ടരും ഒരു കാലത്ത് നാടിനെ പിടിച്ചിരുത്തിയ 'രാമരാജ്യം' ബാലേ കളിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അതിന് സമ്മതിക്കാതെ ഒരു വിഭാഗം ആ നാട്ടില്‍ തന്നെയുണ്ടായിരുന്നു. ഉത്സവത്തിന് 'ഭഗവാൻ ദാസന്റെ രാമരാജ്യം' നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നതാണ് ചിത്രം പറയുന്നത്.
ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ എത്തുന്നത് ടിജി രവിയാണ്. ഭഗവാന്‍ ദാസന്‍ എന്ന ക്യാരക്ടര്‍ മികച്ച രീതിയില്‍ തന്നെ ടിജി രവി കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ ബാലേയിലെ ഒരു പ്രധാന വേഷം ഭഗവാന്‍ ദാസന് അവതരിപ്പിക്കേണ്ടിവരുന്നുണ്ട്. ഈ സമയത്തെ ടിജി രവിയുടെ പകര്‍ന്നാട്ടം ഗംഭീരമാണ്. അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ ടി.ജി. രവി, ഇർഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി എന്നിവരുടെ റോളുകളും മനോഹരമായിരുന്നു. അതേ സമയം എടുത്തു പറയേണ്ട പ്രതികരണം വില്ലനായ സുമേഷിനെ അവതരിപ്പിച്ച പ്രശാന്ത് മുരളിയുടെതാണ്. ഇതുവരെ പ്രശാന്ത് ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷം ഗംഭീരമായി തന്നെ പ്രശാന്ത് കൈകാര്യം ചെയ്തിട്ടുണ്ട്.
അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ കെമിസ്ട്രിയും സ്ക്രീനില്‍ നന്നായി വന്നിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ മികച്ച രീതിയില്‍ തന്നെ തന്‍റെ സംവിധാന മികവ് ചിത്രത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ആരംഭത്തിലെ ഉത്സവ രംഗങ്ങളിലൂടെ തന്നെ വണ്ണാത്തിക്കാവില്‍ പ്രേക്ഷകനെ എത്തിക്കാന്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ശിഹാബ് ഓങ്ങല്ലൂരിന്‍റെ ഛായഗ്രഹണ മികവ് ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയഘടകമാണ്.
പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം മതവേലിക്കെട്ടുകള്‍ മുന്‍പുള്ളതിനെക്കാള്‍ കെട്ടി ഉയര്‍ത്താന്‍ വാദിക്കുന്ന ഇക്കാലത്ത് പ്രസക്തമായ സന്ദേശം നല്‍കുന്നുണ്ട്. നര്‍മ്മവും, കാര്യവുമായി അത് വിജയകരമായി സ്ക്രീനില്‍ എത്തിക്കാന്‍ കഥയും തിരക്കഥ ഒരുക്കിയ ഫെബിൻ സിദ്ധാർഥിന് സാധിച്ചിട്ടുണ്ട്. തീവ്രമായ ഒരു വിഷയത്തെ അതിമനോഹരമായി പ്രേക്ഷകനില്‍ എത്തിക്കുമ്പോള്‍ തന്നെ മനോഹരമായ സംഗീതമാണ് ചിത്രത്തിന് വിഷ്ണു ശിവശങ്കർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അനുബന്ധിച്ച് വരുന്ന 'മാപ്പിള രാമായണം' ട്രാക്ക് മനോഹരമാണ്.
'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം', എന്നാണ് പോസ്റ്റർ വാചകത്തോടെയാണ് 'ഭഗവാൻ ദാസന്റെ രാമരാജ്യം' തീയറ്ററുകളില്‍ എത്തിയത്. ഇത്തരം ഒരു വാചകം സമീപകാല സാമൂഹ്യകാഴ്ചകള്‍ വച്ച് എന്ത് സന്ദേശം നല്‍കുന്നുവോ അത് തന്നെയാണ് തീയറ്ററിലും പ്രേക്ഷകന് ലഭിക്കുന്നത്. മനുഷ്യത്വം, കല എന്നിവയിലൊന്നും ജാതിയും, മതവും കൂട്ടികുഴയ്ക്കരുത് എന്ന വലിയ സന്ദേശം തീയറ്റര്‍ വിടുമ്പോള്‍ ഈ ചിത്രം പിന്തുടരും.
ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം; ശ്രദ്ധനേടി 'ഭഗവാൻ ദാസന്റെ രാമരാജ്യം' പോസ്റ്റർ