മികച്ച നടിയായി ഉര്‍വ്വശിക്കൊപ്പം; സംസ്ഥാന അവാര്‍ഡിലെ സര്‍പ്രൈസ്! ബീന ആര്‍ ചന്ദ്രനെ അറിയാം
കുട്ടിക്കാലം മുതല്‍ നാടകാനുഭവമുള്ള ആളാണ് ബീന
മുന്‍കൂട്ടിയുള്ള ചര്‍ച്ചകളിലൊന്നും പ്രത്യക്ഷപ്പെടാതെ അവാര്‍ഡ് പ്രഖ്യാപനങ്ങളില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തുന്ന ചിലരുണ്ട്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലെ ഏറ്റവും വലിയ സര്‍പ്രൈസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ബീന ആര്‍ ചന്ദ്രന്‍ ആയിരുന്നു. ഉര്‍വ്വശിയുമായാണ് ബീന ബെസ്റ്റ് ആക്ട്രസ് പുരസ്കാരം പങ്കിട്ടത്. പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന് ഈ പേര് പുതുതായിരിക്കാമെങ്കിലും കലാമേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള ആളാണ് ബീന ആര്‍ ചന്ദ്രന്‍.
പാലക്കാട് ജില്ലയില്‍ പരുതൂരിലുള്ള സിഇയുപി സ്കൂളിലെ അധ്യാപികയാണ് ബീന ആര്‍ ചന്ദ്രന്‍. അധ്യാപനം ജീവനമാണെങ്കില്‍ കല ബീനയ്ക്ക് ജീവിതത്തോട് അത്രമേല്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. കുട്ടിക്കാലം മുതലുള്ള തിയറ്റര്‍ അനുഭവങ്ങള്‍ കൈമുതലായുള്ള ഈ നടി അമച്വര്‍ നാടകവേദികളില്‍ മികവുറ്റ പ്രകടനങ്ങളിലൂടെ പലകുറി കൈയടി നേടിയിട്ടുണ്ട്. അരങ്ങോട്ടുകര കലാപാഠശാലയുടെയും തൃശൂര്‍ നാടകസംഘത്തിന്‍റെയും നിരവധി നാടകങ്ങളില്‍ ബീന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം മിമിക്രിയിലൂടെയും കാണികളെ കൈയിലെടുത്തിട്ടുണ്ട് ഇവര്‍.
ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമുള്ള ബീന കുട്ടികളെ പഠിപ്പിക്കുന്നത് ഭാഷയാണ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമകളുടെ ലോകത്തേക്ക് ബീന എത്തുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹയാക്കിയ തടവിന് മുന്‍പ് സുദേവന്‍റെ സംവിധാനത്തിലെത്തിയ ക്രൈം നമ്പര്‍ 89 എന്ന ചിത്രത്തിലും ബീന അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മുഴുനീള കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്നത് തടവിലൂടെയാണ്. ഫാസില്‍ റസാക്ക് സംവിധാനം ചെയ്ത തടവില്‍ ഗീതയെന്ന അങ്കണവാടി അധ്യാപികയെയാണ് ബീന അവതരിപ്പിച്ചത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് ബീനയെത്തേടി അവാര്‍ഡ് പ്രഖ്യാപന വാര്‍ത്തയും എത്തിയത്. മറ്റ് അധ്യാപകരില്‍ നിന്നൊക്കെ വ്യത്യസ്തമായി കലയുടെ രസം ഉള്‍ച്ചേര്‍ത്ത് തങ്ങള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുതരുന്ന ടീച്ചര്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ കുട്ടികള്‍ക്കും ആഹ്ലാദം.